കത്വ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്ന് ലീഗ് വ്യക്തമാക്കണം; കെ ടി ജലീല്‍

തിരുവനന്തപുരം: കത്വ പെണ്‍കുട്ടിയുടെ പേരില്‍ മലപ്പുറത്ത് പണപ്പിരിവ് നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് മന്ത്രി കെ ടി ജലീല്‍. ഇതിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടന്നത്. മലപ്പുറത്തെ പള്ളികള്‍ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ് നടന്നു. കത്വ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്ന കാര്യം മുസ്ലീം ലീഗ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പണം ആര്‍ക്ക് നല്‍കിയെന്നും ഏത് അഭിഭാഷകനെ വെച്ചാണ് കേസ് നടത്തിയതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കണം, ഫണ്ട് തട്ടിപ്പ് ലീഗ് നേതൃത്വം പതിവാക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് അഴിമതിക്ക് നേരെ കണ്ണടയ്ക്കാനുള്ള തന്ത്രമാണ്. യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും പണപ്പിരിവിന്റെ കണക്ക് ചോദിക്കാത്തതിന് പകരമായാണ് കുഞ്ഞാലികുട്ടിയുടെ മടങ്ങി വരവിനെ സ്വാഗതം ചെയ്യുന്നത്. എല്ലാത്തിനും മാധ്യമങ്ങളെ കാണുന്ന പി കെ ഫിറോസ് ഉള്‍പ്പെടെ ഉള്ളവര്‍ എന്തു കൊണ്ട് മൗനം പാലിക്കുന്നു എന്നും കെ ടി ജലീല്‍ ചോദിച്ചു.

അതേസമയം, കത്വ-ഉന്നാവോ ഇരകളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പിരിച്ച പണം യൂത്ത് ലീഗ് നേതാക്കള്‍ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പ്രതികരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണം ഉന്നയിച്ച യൂസഫ് പടനിലം സിപിഎമ്മില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടുമോയെന്ന് നോക്കുകയാണ്, അതിന്റെ ഭാഗമാണ് ആരോപണം, സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ യുഡിഎഫിനെതിരെ മത്സരിച്ച ആളാണ് യൂസഫെന്നും ഫിറോസ് ചൂണ്ടിക്കാട്ടിയിരുന്നു.

 

Top