ജോസ് കെ. മാണിക്ക് തിരിച്ചടി; മുന്‍സിഫ് കോടതിയുടെ സ്റ്റേ തുടരും

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട കേസില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. സ്റ്റേ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമര്‍പ്പിച്ച അപ്പീല്‍ കട്ടപ്പന സബ് കോടതി തള്ളി. ഇതോടെ ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം കൈയ്യാളുന്നതിന് എതിരെ ഇടുക്കി മുന്‍സിഫ് കോടതിയുടെ സ്റ്റേ തുടരും. അടിയന്തരമായി ഈ കേസില്‍ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരള കോണ്‍ഗ്രസ് ഭരണഘടനയുടെ വിജയമാണെന്ന് പിജെ ജോസഫ് വിഭാഗം പ്രതികരിച്ചു. ജോസ് കെ മാണി അഹങ്കാരം വെടിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യം മനസിലാക്കണമെന്നും പിജെ ജോസഫിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ജോസഫ് വിഭാഗം നേതാവ് എംജെ ജേക്കബ് പ്രതികരിച്ചു.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തുള്ള ബദല്‍ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയില്‍ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നല്‍കിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കെ എം മാണിയുടെ നിര്യാണത്തിനുശേഷം വര്‍ക്കിങ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തീരുമാനിക്കണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. എന്നാല്‍, താനാണ് പുതിയ ചെയര്‍മാനെന്നും തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നുമായിരുന്നു പി ജെ ജോസഫിന്റെ നിലപാട്.

തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ജോസ് കെ മാണിയെ അനുകൂലിക്കുന്ന ഒരുവിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു.

Top