മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോര്‍ഫിംഗ് വീഡിയോ, കട്ടപ്പയായി മോദി!

ധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ യുദ്ധം ആരംഭിച്ചിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും.

ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’ തീം വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബാഹുബലിയായി ചിത്രീകരിച്ചാണ് ബിജെപി അനുയായികളുടെ പുതിയ മോര്‍ഫിംങ് വീഡിയോ!. കട്ടപ്പയായി എത്തുന്നത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ.

എതിര്‍പക്ഷത്ത് കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, രാഹുല്‍ ഗാന്ധി, അമ്മ സോണിയ ഗാന്ധി എന്നിവരെയും മോര്‍ഫ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്.2.16 മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ബിജെപി പ്രമോഷന്‍ വീഡിയോ എന്ന നിലക്കാണ് ഇത് വൈറലാകുന്നത്.

എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇരു പക്ഷത്തിനും വളരെ നിര്‍ണ്ണായകമാണ്. അതിനാല്‍ എല്ലാ വിധ മാധ്യമങ്ങളും ഉപയോഗപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിവരങ്ങള്‍ പെയ്ഡ് ന്യൂസിന്റെ പരിധിയില്‍ കൊണ്ട് വന്ന് നടപടിയെടുക്കാനാണ് തീരുമാനം.

Top