കട്ടപ്പന ഇരട്ടക്കൊലപാതകം; നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവ് കണ്ടെത്താനാകാതെ പൊലീസ്

ഇടുക്കി: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവ് കണ്ടെത്താനാകാതെ പൊലീസ്. മൂന്ന് പ്രതികളെയും കുട്ടിയുടെ അമ്മയേയും പോലീസ് ചോദ്യം ചെയ്യും. കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന മൊഴി ശരിയാണോ എന്ന് പരിശോധിക്കും.

മൂന്നുദിവസമായി കട്ടപ്പന ഇരട്ടക്കൊലപാത കേസിലെ മുഖ്യപ്രതി നിതീഷ് പോലീസ് കസ്റ്റഡിയിലാണ്. നവജാത ശിശുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിതീഷ് മൊഴിമാറ്റി പറയുന്നത് പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. നാളെ കസ്റ്റഡി കാലാവധി തീരാന്‍ ഇരിക്കെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. തൊഴുത്തില്‍ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനുശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും, അവശിഷ്ടം വിജയന്‍ പുഴയില്‍ ഒഴുക്കിയെന്നുമാണ് നിതീഷിന്റെ പുതിയ മൊഴി. ഇത് സ്ഥിരീകരിക്കാന്‍ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും, സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യും.

വര്‍ഷങ്ങളോളം മുറിക്കുള്ളില്‍ അടച്ചിട്ട് കഴിഞ്ഞതിനാല്‍ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂര്‍വ്വസ്ഥയില്‍ ആയിട്ടില്ല. കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക. അതിനുശേഷം വിജയന്റെ കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ടുള്ള സുമയെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്കും കടക്കും.

Top