കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി. 2016ല്‍ സാഗര ജംഗ്ഷനിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചുമൂടി എന്നായിരുന്നു പ്രതികളുടെ മൊഴി. തൊഴുത്ത് കുഴിച്ചാണ് വീണ്ടും അന്വേഷണ സംഘത്തിൻ്റെ പരിശോധന തുടരുന്നത്. പ്രതിയായ നിതീഷിനെ സംഭവ സ്ഥലത്ത് എത്തിക്കാതെയാണ് രണ്ടാമതും തിരച്ചിൽ ആരംഭിച്ചത്.
കുട്ടിയെ മറവ് ചെയ്തത് തൊഴുത്തിലാണെന്ന ആദ്യത്തെ മൊഴി പ്രതി നിതീഷ് മാറ്റിയിരുന്നു. പിന്നീട് വീണ്ടും നിതീഷിനെയും കൂട്ടുപ്രതി വിഷ്ണുവിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് തിരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്.
കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ എന്നയാളെയും ഇദ്ദേഹത്തിന്‍റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം. കൊലപ്പെടുത്തിയ കുഞ്ഞു നിതീഷിന്റെ തന്നെയാണ്. മരിച്ച വിജയൻറെ മകളുമായി വിവാഹത്തിന് മുൻപ് നീതിഷിന് ബന്ധമുണ്ടായിരുന്നു. ഇരുവർക്കും ജനിച്ച കുഞ്ഞിനെ നാണക്കേട് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊല്ലുന്നതിന് വിജയനും കൂട്ട് നിന്നിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ വാക്കു തർക്കത്തെ തുടർന്നാണ് വിജയനെ നിതീഷ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുന്നത്. മൃതദേഹം വീടിനുള്ളില്‍ മറവ് ചെയ്യാൻ വിജയന്‍റെ ഭാര്യ സുമവും മകൻ വിഷ്ണുവും കൂട്ടു നിന്നെന്നാണ് പോലീസ് പറയുന്നത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷമാകും ഇവരെ അറസ്റ്റ് ചെയ്യുക. കക്കാട്ടുകടയിലെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം വന്നതിന് ശേഷമെ മൃതദേഹം വിജയന്റേതു തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് 2016ല്‍ നിതീഷും വിജയനും അടക്കം ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹത്തിനായി കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിനു സമീപമുള്ള തൊഴുത്തിന്റെ തറകുഴിച്ചുള്ള പരിശോധന ആരംഭിച്ചത്. രണ്ടരമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും മൃതദേഹത്തിന്റേതായ അവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നിതീഷും വിഷ്ണുവും പിടിയിലായതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.