പോക്സോ കേസ്‌ പ്രതിക്ക്‌ 91 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ കോടതി

കാട്ടാക്കട : പോക്സോ കേസ്‌ പ്രതിക്ക്‌ 91 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത തിരുവല്ലം കോളിയൂർ ചന്തയ്ക്ക് സമീപം മഹാത്മ അയ്യൻകാളി നഗറിൽ രതീഷിനെ (36) യാണ്‌ കഠിന തടവിന്‌ ശിക്ഷിച്ചത്‌.

കാട്ടാക്കട അതിവേഗം പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാറാണ്‌ 91 വർഷത്തെ കഠിനതടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ നാലേകാൽ വർഷം അധിക കഠിനതടവ്‌ അനുഭവിക്കണം.

2018 മാർച്ചിലാണ് കേസിന് ആസ്‌പദമായ സംഭവം. അതിജീവിതയുടെ വീടിനടുത്തെ ഭാര്യവീട്ടിൽ വന്ന പ്രതി മൊബൈൽ ഫോണിൽ ചിത്രങ്ങൾ കാണിക്കാമെന്ന് പറഞ്ഞ് ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് കുട്ടി വിവരം മാതാവിനോട് പറയുകയും ഇവർ ചൈൽഡ് ലൈനിന്റെ സഹായത്തോടെ മലയിൻകീഴ് പൊലീസിൽ മൊഴി കൊടുക്കുകയുമായിരുന്നു. മലയിൻകീഴ് എസ്എച്ച്ഒ പി ആർ സന്തോഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി ആർ പ്രമോദ് കോടതി ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിച്ചു, 12 രേഖകൾ ഹാജരാക്കി.

പോക്സോ ആക്റ്റ് 6 ആർ /ഡബ്ല്യൂ 5(1) പ്രകാരം 25 വർഷവും അൻപതിനായിരം രൂപ പിഴയും, 6ആർ /ഡബ്ല്യൂ 5(എം) പ്രകാരം 25 വർഷം കഠിന തടവും 50000 രൂപ പിഴയും, 6 ആർ /ഡബ്ല്യൂ (എൻ) പ്രകാരം 25 വർഷം കഠിനതടവും 50,000 രൂപ പിഴയും, 10ആർ/ ഡബ്ല്യൂ 5(1) പ്രകാരം 5 വർഷം കഠിന തടവും, 20000 രൂപ പിഴയും,10ആർ/ ഡബ്ല്യൂ 5 (എം)പ്രകാരം 5 വർഷം കഠിന തടവും 20000 രൂപ പിഴയും10ആർ/ ഡബ്ല്യൂ 5(എൻ) പ്രകാരം അഞ്ചു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും, കൂടാതെ ഐപിസി 506 പ്രകാരം ഒരുവർഷം കഠിന തടവും പ്രതി അനുഭവിക്കണം എന്ന് വിധി ന്യായത്തിൽ പറയുന്നു. കാട്ടാക്കടയിൽ അതിവേഗ പോക്സോ കോടതി നിലവിൽ വന്നശേഷം നൽകിയ ഏറ്റവും വലിയ ശിക്ഷാവിധിയാണ് ഇത്.

Top