കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജൻ പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതോടെയാണ് നരഹത്യക്ക് പകരം കൊലക്കുറ്റം ചുമത്തി കേസെടുത്തത്. നിസ്സാര വിഷയത്തിന്റെ പേരിൽ കുട്ടിയോട് പ്രിയരഞ്ജന് പക ഉണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ആദിശേഖറിന്റെ കുടുംബം.

പൂവച്ചൽ സ്വദേശിയാണ് പ്രതിയായ പ്രിയര‍ഞ്ജൻ. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ച കാറിടിച്ച് മരിച്ചത്. സംഭവത്തിൽ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല. എന്നാൽ സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.

Top