ആശുപത്രിയില്‍ പട്ടാപ്പകല്‍ മോഷണ ശ്രമം; പ്രതികള്‍ പിടിയില്‍

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ആശുപത്രിയില്‍ പട്ടാപ്പകല്‍ മോഷണ ശ്രമം. വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. നാട്ടുകാര്‍ പിടികൂടാനെത്തിയപ്പോള്‍ സ്ഥലത്ത് ചില നാടകീയ രംഗങ്ങളും അരങ്ങേറി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ആശുപത്രിയില്‍ മരുന്നു വാങ്ങാന്‍ വരി നില്‍ക്കുകയായിരുന്ന സരോജിനിയുടെ മാലയാണ് തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്. വരിയിലുണ്ടായിരുന്ന മറ്റൊരാള്‍ ഇത് കണ്ട് ബഹളം വച്ചതോടെ ഇവര്‍ പുറത്തേക്കോടി. പിന്നാലെയോടിയ നാട്ടുകാര്‍ ആശുപത്രിക്ക് പുറത്ത് പ്രതികളെ തടഞ്ഞു നിര്‍ത്തി. ഇതോടെ മോഷ്ടാക്കളില്‍ ഒരാള്‍ സ്വയം മൂക്കിലിടിച്ച് രക്തം വരുത്തി ബോധക്ഷയം അഭിനയിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സേലം സ്വദേശിനികളായ അനു , സഹോദരി ദേവി മുരുകന്‍, വേലമ്മ എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് സമാന മോഷണ അനുഭവമുണ്ടായ നിരവധിയാളുകള്‍ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പരാതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Top