പെണ്‍കുട്ടികള്‍ക്കായി ‘പെണ്ണിടം’; കാട്ടാക്കട മണ്ഡലത്തില്‍ തുടക്കം കുറിച്ച് അഭിമാന പദ്ധതി

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്കായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രത്യേക മുറി ഒരുക്കി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലം. പെണ്ണിടം എന്നാണ് ഈ വിദ്യാര്‍ത്ഥിനി സൗഹൃദ മുറിയ്ക്ക് ഇട്ടിരിക്കുന്ന പേര്. ഒപ്പം പദ്ധതിയുടെ ഭാഗമായിട്ടാണിത് തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലത്തിലെ 12 സ്‌കൂളുകളിലും ഈ സംവിധാനം സജ്ജമാക്കും. ആദ്യമായി പെണ്ണിടം ഒരുക്കിയിരിക്കുന്നത് മാറനല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ്.

പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവളുടെ ആര്‍ത്തവസമയങ്ങളിലാണ്. ഈ സമയത്ത് പെണ്‍കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് പെണ്ണിടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ശാരീരിക അസ്വസ്ഥതകള്‍ ഉള്ള പെണ്‍കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ മുറിയിലെത്തി വിശ്രമിക്കാം.

മുറിയില്‍ ഫസ്റ്റ് എയിഡ് കിറ്റ്, മേശ, കസേരകള്‍, രണ്ട് കട്ടിലുകള്‍, ശുചിമുറി, നാപ്കിന്‍ മെഷീന്‍, കൂളര്‍ തുടങ്ങി കിടന്നു വിശ്രമിക്കാനുള്ള സൗകര്യം വരെ ഈ മുറിയിലുണ്ട്. പത്ത് രൂപയുടെ തുട്ട് ഇട്ടാല്‍ മൂന്ന് പാഡുള്ള ഒരു പാക്കറ്റ് നാപ്കിന്‍ മെഷീനില്‍ നിന്ന് ലഭിക്കും. മണ്ഡലത്തിലെ പത്ത് സ്‌കൂളുകളില്‍ നേരത്തെ തന്നെ പെണ്ണിടങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. നാവൂര്‍, ചൊവ്വള്ളൂര്‍ എന്നീ സ്‌കൂളുകളില്‍ അടുത്ത ദിവസം തന്നെ പെണ്ണിടങ്ങള്‍ സജ്ജീകരിക്കും.

Top