ക​ട്ട​ച്ചി​റ പ​ള്ളി സം​ഘ​ര്‍​ഷം: യാ​ക്കോ​ബാ​യ സുറിയാനി സ​ഭ ഞാ​യ​റാ​ഴ്ച ക​രി​ദി​നം ആ​ച​രി​ക്കും

കായംകുളം: കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലെ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് യാക്കോബായ സുറിയാനി സഭ കരിദിനമായി ആചരിക്കും. പള്ളികളില്‍ പാത്രിയര്‍ക്കാ പതാക പകുതി താഴ്ത്തി കെട്ടും. തിങ്കളാഴ്ച ഡോ. തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കോട്ടയം തിരുനക്കര മൈതാനത്ത് ഉപവാസം അനുഷ്ടിക്കുമെന്നും സഭാ മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ.കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു.

പള്ളിയില്‍ അതിക്രമം കാണിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും മെത്രാപ്പോലീത്ത അറിയിച്ചു. സുപ്രീംകോടതി ഉത്തരവനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം.

കോടതി ഉത്തരവനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ യാക്കോബായ വിഭാഗം തടഞ്ഞെന്നും ആരാധന നടത്താന്‍ പൊലീസ് സുരക്ഷ വേണമെന്നുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. അതേസമയം കോടതി ഉത്തരവിനെ ഓര്‍ത്തഡോക്‌സ് വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് എന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്.

Top