കത്വയിൽ പോരാടിയത് സി.പി.എം, പിരിവെടുത്ത് നേട്ടമുണ്ടാക്കി ലീഗും ! !

ത്വ എന്നാല്‍, ഓര്‍ക്കുമ്പോള്‍ ഇന്നും രാജ്യത്തിന്റെ നൊമ്പരമാണ്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം ആര് തന്നെ തട്ടിയെടുത്താലും അത് മനുഷ്യത്വരഹിതമായ സമീപനമാണ്. ഇക്കാര്യത്തില്‍ യൂത്ത് ലീഗ് നേതൃത്വത്തിന് തെറ്റു പറ്റിയെങ്കില്‍ അതു തുറന്നു പറയാനുള്ള മാന്യത മുസ്ലിം ലീഗ് നേതൃത്വമാണ് കാണിക്കേണ്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് ആദ്യം ആരോപണമുന്നയിച്ചത് തന്നെ ആ സംഘടനയുടെ മുന്‍ ദേശീയ സമിതി അംഗമാണ്.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘വിഭാഗീയ’ ‘താല്‍പ്പര്യങ്ങള്‍’ ഈ ആരോപണത്തിന് പിന്നിലുണ്ടായാല്‍ പോലും പറഞ്ഞ കാര്യങ്ങളില്‍ ചില ശരികള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പണം നല്‍കിയെന്ന യൂത്ത് ലീഗ് നേതൃത്വത്തിന്റെ ആരോപണം നിഷേധിച്ചിരിക്കുന്നത് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷക തന്നെയാണ്. കേരളത്തില്‍ നിന്നും പണം ലഭിച്ചിട്ടില്ലെന്ന് പ്രമുഖ അഭിഭാഷകയായ ദീപിക സിങ് രജാവത്ത് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. കത്വ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് ഈ കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്നാണ് ദീപിക സിങ് തുറന്നടിച്ചിരിക്കുന്നത്. ഇതോടെ, പ്രതിരോധത്തിലായിരിക്കുന്നത് ലീഗ് നേതൃത്വം കൂടിയാണ്. കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നതെന്നും അഭിഭാഷക വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് ലീഗ് പണം നല്‍കിയെന്ന വാര്‍ത്ത അവരെ ശരിക്കും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

കത്വ കേസിലെ അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളവും ഇതിനു പുറമെ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും നല്‍കിയെന്നതാണ് യൂത്ത് ലീഗിന്റെ വാദം. മുബീന്‍ ഫാറൂഖിയാണ് കോടതികളില്‍ കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നായിരുന്നു യൂത്ത് ലീഗ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, മുബീന്‍ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് വ്യക്തമാക്കിയിരിക്കുന്നത്. യൂത്ത് ലീഗിനെ സംബന്ധിച്ച് അപ്രതീക്ഷിത പ്രഹരമാണിത്. കത്വ-ഉന്നാവ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത്‌ലീഗ് മുന്‍ ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് വിവാദത്തിന് തിരികൊളുത്തിയിരുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഫണ്ട് വെട്ടിപ്പ് ആരോപണം കത്തിപടരുന്നത് മുസ്ലീം ലീഗിനെയും യു.ഡി.എഫിനെയും ഒരുപോലെ വെട്ടിലാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ അഹമ്മദബാദ് മുനിസിപ്പാലിറ്റിയില്‍ ലീഗ് നിര്‍മിച്ചുനല്‍കിയ വീടുകള്‍ക്ക് ഉടമസ്ഥാവകാശം കൊടുക്കാതിരുന്നതും നിലവില്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. മാലിന്യക്കൂമ്പാരമായ സ്ഥലം തുച്ഛവിലയ്ക്ക് വാങ്ങിയാണ് വാസയോഗ്യമല്ലാത്തിടത്ത് വീടുകള്‍ നിര്‍മിച്ചത് എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.

മുന്‍പ് സുനാമി ഗുജറാത്ത് ഫണ്ടുകള്‍ വകമാറ്റിയത് ചോദ്യം ചെയ്തതിനാണ് മുസ്ലീം ലീഗില്‍ നിന്നും കെ.ടി ജലീലിനെ പുറത്താക്കിയിരുന്നത്. തുടര്‍ന്ന് 2006ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മലപ്പുറത്തടക്കം വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരുന്നത്. ഫണ്ട് തിരിമറിക്കൊപ്പം ഐസ്‌ക്രീം കേസ് വിവാദം കൂടി വന്നത് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ പരാജയത്തിലാണ് കലാശിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍, ഈ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ സി.പി.എം. ലീഗ് വിമതരെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യവും ഇടതുപക്ഷത്തിന്റെ സജീവ പരിഗണനയിലാണുള്ളത്. കത്വ പിരിവ് വിവാദം ശരിക്കും ഉപയോഗപ്പെടുത്താന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. അതോടൊപ്പം തന്നെ കത്വ കേസിലെ ചെങ്കൊടിയുടെ ഇടപെടലും വ്യാപകമായാണ് സി.പി.എം പ്രചരിപ്പിക്കുന്നത്.

ജമ്മു കശ്മീരില്‍ എം.എല്‍.എ ആയിരുന്ന യൂസഫ് തരിഗാമിയുടെ ഇടപെടലാണ് പ്രധാനമായും സി.പി.എം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഞെട്ടിച്ച കത്വ സംഭവം ചൂണ്ടിക്കാട്ടി ആദ്യം തെരുവിലിറങ്ങിയത് ഈ സി.പി.എം നേതാവായിരുന്നു. നിയമസഭക്കകത്തും പുറത്തും അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലില്‍ ഭരണപക്ഷം ശരിക്കും പ്രതിരോധത്തിലാവുകയാണുണ്ടായത്. പിന്നീട് കോണ്‍ഗ്രസ്സ്, നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ക്കും തരിഗാമിയെ പിന്തുണക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. അതോടെയാണ്, ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും തുടര്‍ന്ന് പ്രതികളെല്ലാം പിടിയിലാവുകയും ചെയ്തത്.

 

കുതിരയെത്തേടി കാട്ടില്‍ പോയ പെണ്‍കുട്ടിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടിരുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും ലോക്കല്‍ പൊലീസ് കേസെടുക്കാനും അന്വേഷിക്കാനും ആദ്യ ഘട്ടത്തില്‍ തയാറായിരുന്നില്ല. സംഘപരിവാറിനെ ഭയമുള്ള സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. എന്നാല്‍, ഈ അനീതിക്കെതിരെ ചെങ്കൊടിയുമായി തരിഗാമിയെന്ന ജനകീയ നേതാവ് രംഗത്തെത്തിയതോടെ, ‘കളി’ മാറുകയും പ്രതിഷേധം കത്തിപ്പടരുകയുമാണ് ഉണ്ടായത്. 2018 ജനുവരി 17 ന് കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടിയതിന് രണ്ട് ദിവസത്തിനു ശേഷമാണ് തരിഗാമി വിഷയം ഏറ്റെടുത്തിരുന്നത്. വിവിധ കശ്മീരി മാധ്യമങ്ങളും തരിഗാമിക്ക് പിന്തുണ നല്‍കുകയുണ്ടായി. നീതി പിടിച്ചു വാങ്ങാന്‍, ചങ്കുറപ്പുള്ള ഒരൊറ്റ കമ്യൂണിസ്റ്റ്കാരന്‍ മാത്രം മതിയെന്നതാണ് ഇവിടെ വീണ്ടും തരിഗാമി തെളിയിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് തോന്നിയ ഘട്ടത്തിലെല്ലാം ചെങ്കൊടിയുമായി കളം നിറഞ്ഞതും ഈ സി.പി.എം നേതാവാണ്. 2018 ഫെബ്രുവരി മാസത്തില്‍ മാത്രം, നിരവധി തവണയാണ് തരിഗാമി വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നത്. അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും അദ്ദേഹം കൃത്യമായ ഇടപെടലാണ് നടത്തിയിരുന്നത്. കേസിലെ സംഘപരിവാറിന്റെ ഇടപെടലുകളെ പുറത്തുകൊണ്ടുവന്നതും ചെറുത്തു നിന്നതും തരിഗാമിയും സിപിഎമ്മുമായിരുന്നു. സിപിഎം കേന്ദ്രക്കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയുടെ 2018 മാര്‍ച്ച് ലക്കത്തില്‍ കത്വ പെണ്‍കുട്ടിയുടെ നീതിക്കായി അണിനിരക്കണമെന്ന് പൊതുസമൂഹത്തോട് പ്രത്യേകം ആഹ്വാനം ചെയ്യുകയുമുണ്ടായി.

 

മാര്‍ച്ച് മാസം മൂന്നാം തീയതി സിപിഎം സംസ്ഥാനക്കമ്മിറ്റി വാര്‍ത്താ സമ്മേളനം വിളിച്ചതും നിര്‍ണായക ഇടപെടലായാണ് മാറിയിരുന്നത്. കേസ് അട്ടിമറിക്കാനുള്ള ബിജെപി മന്ത്രിമാരുടെ ഇടപെടല്‍ തുറന്നുകാട്ടിയതും സിപിഎമ്മാണ്. സംസ്ഥാനത്തെങ്ങും പ്രതിഷേധം സംഘടിപ്പിക്കാനും വിഷയം ചര്‍ച്ചയാക്കാനും ചെമ്പടക്ക് കഴിഞ്ഞിട്ടുണ്ട്. കേസിലെ ബാര്‍ കൗണ്‍സിലിന്റെ നിലപാടുകളെ പരസ്യമായി തള്ളിപറഞ്ഞ് ആദ്യം രംഗത്തെത്തിയതും സി.പി.എം നേതാക്കളാണ്. ഭീഷണി വകവയ്ക്കാതെ ദീപിക സിങ് രജാവത്ത് എന്ന അഭിഭാഷകക്ക് മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കിയതും ചെങ്കൊടിയുടെ ഈ ഇടപെടല്‍ തന്നെയാണ്. ആരൊക്കെ മറന്നാലും ഇതൊന്നും, കശ്മീരി ജനത മറക്കുകയില്ല.

സമുദായ സ്നേഹം വിളമ്പുന്ന ലീഗുകാര്‍ ഈ യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കുന്നത് നല്ലതാണ്. കത്വ പെണ്‍കുട്ടിക്ക് വേണ്ടി പോരാടിയതും സഹായിച്ചതും മുസ്ലീം ലീഗും യൂത്ത് ലീഗുമല്ല, കമ്യൂണിസ്റ്റുകളാണ്. അതിന്റെ പേരില്‍ പണപ്പിരിവ് നടത്തുക എന്നതു മാത്രമാണ് യൂത്ത് ലീഗ് ചെയ്തിരിക്കുന്നത്. പിരിവിലെ ‘യാഥാര്‍ത്ഥ്യം’ അഭിഭാഷക ദീപിക സിങിന്റെ പ്രതികരണത്തോടെ ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണിത്. ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ ആര് തട്ടിപ്പ് നടത്തിയാലും അത് മനുഷത്വ വിരുദ്ധമായ സമീപനമാണ്. ഒരു കാരണവശാലും ഇതിനോട് യോജിക്കാന്‍ മനസാക്ഷിയുള്ള ആര്‍ക്കും തന്നെ കഴിയുകയില്ല.

Top