കത്വ കൂട്ടബലാത്സംഗം ; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

ന്യൂഡല്‍ഹി : കോളിളക്കം സൃഷ്ടിച്ച കത്വ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. അന്വേഷണ സംഘത്തിലെ ആറ് പേര്‍ക്കെതിരെയാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ചെയ്തെന്ന പരാതിയില്‍ ജമ്മു കശ്മീര്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സാക്ഷികളായ സചിന്‍ ശര്‍മ, നീരജ് ശര്‍മ, സഹീല്‍ ശര്‍മ എന്നിവരാണ് പരാതി നല്‍കിയത്.

പോലീസ് സീനിയര്‍ സൂപ്രണ്ടും അന്വഷണ സംഘത്തലവനുമായ ആര്‍.കെ ജല്ല, എഎസ്പി പീര്‍സാദ നവീദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ശതംബരി ശര്‍മ, നിസ്സാര്‍ ഹുസ്സൈന്‍, എസ്.ഐമാരായ ഉര്‍ഫാന്‍ വാനി, കെവാല്‍ കിഷോര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

2018 ജനുവരിയിലാണ് ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ ക്ഷേത്രത്തിനുള്ളില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതികളായ മൂന്നുപേര്‍ക്ക് മരണംവരെ തടവുശിക്ഷ ലഭിച്ചിരുന്നു. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് മറ്റു മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും കോടതി വിധിച്ചിരുന്നു.

Top