കത്വ സംഭവം: കശ്മീരില്‍ ബിജെപി-പിഡിപി സഖ്യത്തില്‍ വിള്ളലുണ്ടായെന്ന് റിപ്പോര്‍ട്ട്‌

ജമ്മു: കത്വ സംഭവം പിഡിപി-ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. സംഭവത്തിലെ പ്രതികളെ സംസ്ഥാനത്തെ ബിജെപി മന്ത്രിമാര്‍ പിന്തുണച്ചെന്ന ആരോപണമാണ് ഇപ്പോള്‍ സ്ഥിതി വഷളാക്കിയിരിക്കുന്നത്.

ബിജെപി തങ്ങളെ വഞ്ചിക്കുകയാണെന്ന് ഒരു മുതിര്‍ന്ന പിഡിപി നേതാവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ചേര്‍ന്ന് നടപ്പാക്കിയ ‘ഓപ്പറേഷന്‍ ഓള്‍ഔട്ട്’ എന്ന ഭീകരര്‍ക്കെതിരായ നീക്കമാണ് കൂടുതല്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കശ്മീരില്‍ ഒരു തീപ്പൊരി വീണിട്ടുണ്ടെന്നും അതെങ്ങനെയാണ് അണയ്‌ക്കേണ്ടതെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ ചര്‍ച്ചകള്‍ക്കാണ് ഈ പരാമര്‍ശം വഴിവെച്ചത്.

കേന്ദ്രസര്‍ക്കാരാണ് കശ്മീരിനെ രക്തച്ചൊരിച്ചിലിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സഹോദരന്‍ തസ്സാദുഖ് മുഫ്തി അഭിപ്രായപ്പെട്ടതും സഖ്യത്തിലെ വിള്ളല്‍ വ്യക്തമാക്കി. കേന്ദ്രം ഇതേ നയം തുടര്‍ന്നാല്‍ ജനങ്ങളോട് മാപ്പ് പറയേണ്ട അവസ്ഥയിലേക്ക് പിഡിപി എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യത്തെ പി.ഡി.പി.യും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും എതിര്‍ത്തതും ബി.ജെ.പി. നേതാക്കളില്‍ മുറുമുറുപ്പുണ്ടാക്കി. പ്രധാനമന്ത്രിയുടെ വികസനപാക്കേജില്‍നിന്ന് തുക ലഭിക്കാനെടുക്കുന്ന കാലതാമസം പി.ഡി.പി.യിലും അതൃപ്തിയുണ്ടാക്കി.

ഈ സാഹചര്യത്തിലാണ് പുതിയ അസ്വാരസ്യങ്ങള്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ രൂപമെടുത്തത്. 2014ലാണ് ബിജെപിയും പിഡിപിയും ഒന്നിച്ചത്. പലരും അവിശുദ്ധ ബന്ധം എന്ന് വിശേഷിപ്പിച്ച സഖ്യം കൂട്ടുകെട്ട് അവസാനിപ്പിക്കുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Top