കത്വ: വ്യാജപ്രചാരണം നടത്തിയ അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച് കോടതിയിലേക്ക്‌

crime

ജമ്മു: കത്വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച്, കോടതിയെ സമീപിക്കും. എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജ പ്രചാരണവും വസ്തുതകള്‍ വളച്ചൊടിക്കലും വ്യാപകമായതോടെയാണ് നടപടി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ അഭിഭാഷകനെന്ന് ചൂണ്ടിക്കാണിച്ചാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുക.

കേസില്‍ അറസ്റ്റിലായ വിശാല്‍ ശര്‍മയ്‌ക്കെതിരെ മൊഴി കൊടുക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നു സാക്ഷി പറയുന്ന സിഡി അഭിഭാഷകന്‍ പ്രചരിപ്പിച്ചിരുന്നു. കേസിലെ മുഖ്യ സൂത്രധാരന്‍ സഞ്ജി റാമിന്റെ മകനാണു വിശാല്‍ ശര്‍മ. സിഡിക്ക് പിന്നില്‍ ഈ അഭിഭാഷകനാണെന്നാണ് സൂചന. മജിസ്‌ട്രേറ്റിനു മുന്നില്‍ സാക്ഷി മൊഴി നല്‍കുന്നുവെന്ന തരത്തിലാണു വിഡിയോ പ്രചരിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ കോടതിക്കുപുറത്താണു ചിത്രീകരിച്ചിരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഇതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാരിനെതിരായ വികാരം ഉണ്ടാക്കാനുമാണെന്ന് ഉന്നത അധികൃതര്‍ ആരോപിക്കുന്നു.

കേസില്‍ സഞ്ജി റാമിന്റെ സഹോദരീപുത്രന്റെ ജാമ്യാപേക്ഷ കത്വ കോടതി തള്ളി. അതേസമയം അറസ്റ്റിലായ പൊലീസുകാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി.

ജനുവരി 10നു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം 17നാണു കണ്ടെത്തിയത്. 23ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തെ വച്ചാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.

Top