സ്റ്റേറ്റും നിയമവും സമൂഹവും വർഗീയഭാഷ സംസാരിക്കുന്ന ‘കലികാലം’ അതാണിപ്പോൾ

kathua, uttar pradesh

മ്മു കശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ടു. ഇന്ത്യയില്‍ എത്ര പേര്‍ ഈ വാര്‍ത്തയെ ഞെട്ടലോടെ കേട്ടിട്ടുണ്ടാകും? നമ്മുടെ സമൂഹം ഇതെങ്ങോട്ടാണ് പോകുന്നത് എന്നോര്‍ത്ത് എത്രപേര്‍ ആത്മാര്‍ഥമായി രോഷം കൊണ്ടിട്ടുണ്ടാകും? കേട്ടാല്‍ ഞെട്ടലുണ്ടാക്കാത്ത വിധം ഇത്തരം വാര്‍ത്തകള്‍ നമ്മുടെ രാജ്യത്ത് സര്‍വസാധാരണമായി കഴിഞ്ഞു.

പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും രാജ്യത്തുടനീളം ഉയര്‍ന്നുകഴിഞ്ഞു. ഹാഷ് ടാഗുകളും സജീവമായിക്കഴിഞ്ഞു. ഇത്തരം
ക്യാംപെയിനുകളുടെയും പ്രതിഷേധങ്ങളുടെയും ഭാവി എന്താണെന്ന് ഇതിനകം നമുക്കറിയാം. കൊടുംക്രൂരതയാണ് കത്തുവയിലേത്. എട്ടുവയസ്സുകാരിക്ക് നേരെയുണ്ടായ അരുംകൊല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

ജമ്മു കശ്മീരിലെ കത്തുവയിലാണ് സംഭവം നടക്കുന്നത്. സുന്നി-മുസ്ലിം ഗോത്രവര്‍ഗ്ഗമായ ബഖര്‍വാള്‍ സമുദായാംഗമായിരുന്നു കൊല്ലപ്പെട്ട എട്ടുവയസ്സുകാരി. ആ സമുദായത്തില്‍ ജനിച്ചതുകൊണ്ട് മാത്രം കൊല്ലപ്പെട്ടവള്‍. ഒരു സമുദായത്തെ വിറപ്പിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത മാര്‍ഗമാണ് നിഷ്‌കളങ്കയായ എട്ടുവയസ്സുകാരിയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക എന്നത്. മനുഷ്യത്വത്തെ വെല്ലുവിളിക്കുന്ന അറുംകൊല.

തീവ്രഹിന്ദുത്വ ഗ്രൂപ്പുകളായ ഹിന്ദു ഏകതാ മഞ്ച്, ഭാരത് ബചാവോ രഥയാത്ര എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് പറയുന്നത്. സമുദായസംഘര്‍ഷത്തിനും സമുദായങ്ങളെ ഭയപ്പെടുത്താന്‍ പിഞ്ചുകുഞ്ഞുങ്ങളെ കൊടുംക്രൂരതകള്‍ക്കിരയാക്കുന്നു. സംഭവത്തെ തരംതാണ രാഷ്ട്രീയപോര്‍വിളികള്‍ക്കായി ഉപയോഗിക്കുന്നവരും കശ്മീരില്‍ രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമില്ലെന്നാരോപിച്ച് ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തുവന്നിട്ടുണ്ട്. നിയമപാലകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ നീതിനിഷേധമാണ് ഇവിടെ നടപ്പാക്കുന്നത്. കുറ്റകൃത്യത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് തരംതാണ രാഷ്ട്രീയം കളിക്കുകയാണ് ഈ അഭിഭാഷകര്‍.

സ്റ്റേറ്റും നിയമവും സമൂഹവും വര്‍ഗീയഭാഷ സംസാരിക്കുന്ന കാലമാണിത്. സമുദായങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവും സാംസ്‌കാരിക ഭിന്നതയും ഒരു കുഞ്ഞിന്റെ അരുംകൊലയിലേക്കാണ് രാജ്യത്തെ നയിച്ചത്. എന്നാല്‍ ഈ കൊലപാതകവും വിഭജനങ്ങളെ വഷളാക്കാനേ ഇടയാക്കിയുള്ളൂ എന്നതാണ് ഖേദകരം.

രാജ്യത്ത് രാഷ്ട്രീയ സങ്കീര്‍ണാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും രാഷ്ട്രീയനേതാക്കളെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്തേണ്ട, ഇരക്ക് നീതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണകൂടങ്ങള്‍ക്കുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി അടുത്തുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഗ്രൂപ്പുകളാണ് നീതിനിഷേധത്തിനും നീതിവ്യവസ്ഥയെ വര്‍ഗീയവത്ക്കരിക്കാനും കൂട്ടുനില്‍ക്കുന്നത്. ഇത്രയും നീചമായ കുറ്റകൃത്യം അരങ്ങേറിയിട്ടും വിരലിലെണ്ണാവുന്ന ബിജെപി നേതാക്കളെ പ്രതികരിച്ചുള്ളൂ എന്നതും ഇതിനോട് കൂട്ടിവായിക്കണം.

ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗക്കേസ് നോക്കുക. സംസ്ഥാനത്തെ ബിജെപി എംഎല്‍എക്കും സഹോദരനുമെതിരെയാണ് പതിനെട്ടുകാരി ആരോപണമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നെ പുറത്തുവരുന്നത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്. മരണം, ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന്. ഇരകള്‍ വീണ്ടും ഇരകളാക്കപ്പെടുന്ന അവസ്ഥ. കുറ്റവാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍. ഇത്തരമൊരു ഭരണകൂടത്തില്‍ ജനങ്ങള്‍ എങ്ങനെയാണ് വിശ്വാസമര്‍പ്പിക്കുക? എന്ത് നീതിയാണ് ഇവരില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്?

കൂട്ടബലാത്സംഗവും നിഷ്‌കളങ്കയായ ഒരു കുട്ടിയുടെ കൊലപാതകവും രാഷ്ട്രീയ ആയുധങ്ങളായി മാത്രം മാറുന്ന ഈ രാജ്യത്ത് പ്രതിഷേധങ്ങളുടെയും പ്രതികരണങ്ങളുടെയും പ്രസക്തിയെന്താണ്? എത്രനാള്‍ കത്തുവയും ഉന്നാവോയുമൊക്കെ നമ്മള്‍ ചര്‍ച്ച ചെയ്യും? ഇനിയുമുണ്ടാകാത്ത മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചിട്ട് ഒരു കാര്യവുമില്ലാത്ത അവസ്ഥയിലേക്കാണ് പോക്ക്. അധികം വൈകാതെ രാജ്യത്തിന്റെ അധപതനത്തെ ഓര്‍ത്ത് സ്വയം വിലപിക്കാനല്ലാതെ മറ്റൊന്നിനും കഴിയാത്ത അവസ്ഥയിലേക്കും നാം എത്തിയേക്കാം.

റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍



Related posts

Back to top