അത്യാധുനിക സാങ്കേതിക വിദ്യയിൽ കത്തനാർ ഒരുങ്ങുന്നു

മ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലം. ഏറെപ്പറഞ്ഞു പതിഞ്ഞതെങ്കിലും ഇനിയും കേട്ടു മടുത്തിട്ടില്ലാത്ത, ഇതിഹാസ സമാനമായ കടമറ്റത്തു കത്തനാരുടെ കഥ. 30 ശതമാനം പഴങ്കഥ. ബാക്കി ഭാവന. ‘കത്തനാര്‍’ എന്ന ചിത്രത്തിന്റെ ചലച്ചിത്ര പരിസരം അത്യാധുനികമായ വിദേശ സാങ്കേതിക വിദ്യ കൊണ്ടാണു സൃഷ്ടിക്കപ്പെടുക. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാവാന്‍ അണിയറയില്‍ ‘കത്തനാര്‍’ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

9-ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയായതിനാല്‍ അക്കാല പശ്ചാത്തലം ഒരുക്കാന്‍ പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ടെന്നു ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസ്. ആ കാലത്തെ സാഹചര്യമൊക്കെ ചികയുന്നതു ശ്രമകരമാണ്. മാത്രമല്ല, കാട്ടിലൊക്കെ നടക്കേണ്ട ചിത്രീകരണത്തിന് ഇപ്പോള്‍ നിയമങ്ങളുടെയും നിബന്ധനകളുടെയും നിന്ത്രണങ്ങളുണ്ട്. വിദേശ സിനിമകളുടെ ശൈലിയില്‍ സാഹചര്യങ്ങളെ യഥാതഥമായല്ലാതെ ടെക്‌നോളജിയെ കൂട്ടുപിടിച്ചു ചിത്രീകരിക്കുകയാണു കത്തനാര്‍. 9-ാം നൂറ്റാണ്ടിലെ കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനായി പലതലങ്ങളില്‍ റിസര്‍ച്ചിനായി വലിയൊരു ടീം അണിയറയിലുണ്ട്. കാട് ചിത്രീകരിക്കുമ്പോള്‍, അക്കാലത്തു വനമേഖലയിലുണ്ടായിരുന്ന വൃക്ഷങ്ങളേതെല്ലാം എന്നു പഠിക്കാനായുള്ള ബോട്ടാണിക്കല്‍ റിസര്‍ച്ച് ടീം അതിലൊന്നാണ്.

ജംഗിള്‍ബുക്ക്, ലയണ്‍കിങ്, അവതാര്‍ തുടങ്ങിയ വിദേശ ചിത്രങ്ങള്‍ പോലെ വിസ്മയിപ്പിക്കുന്നൊരു സിനിമ മലയാളത്തില്‍ വരുന്നതു ചെറിയകാര്യമല്ല. ഈ ചിത്രങ്ങളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമാണു ‘ കത്തനാര്‍’. ഏകദേശം 75 കോടി രൂപയോളം ചെലവു പ്രതീക്ഷിക്കുന്നു. ജയസൂര്യയാണു നായകന്‍.ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജെഎന്‍യുവില്‍ റിസര്‍ച്ച് ചെയ്യുന്ന കോഴിക്കോട് സ്വദേശി ആര്‍.രാമാനന്ദിന്റേതാണ്. ക്യാമറ നീല്‍ ഡിക്കൂഞ്ഞ, സംഗീതം രാഹുല്‍ സുബ്രഹ്മണ്യം.രണ്ടര വര്‍ഷമായി രാമാനന്ദുമായി ചര്‍ച്ച ചെയ്യുന്ന സ്‌ക്രിപ്റ്റാണിത്. മുഴുവന്‍ കേട്ടപ്പോള്‍ ഇതു മുഴുവന്‍ എങ്ങനെ ചിത്രീകരിക്കുമെന്ന ചിന്തയായിരുന്നു. സംവിധായകന്‍ റോജിന്‍ തോമസില്‍ എനിക്കു വിശ്വാസമുണ്ട്. ഈ ചിത്രം ഒരു പുതിയ അനുഭവമാകുമെന്നു തീര്‍ച്ച’, ജയസൂര്യ പറഞ്ഞു. താരനിര്‍ണയവും വിര്‍ച്വല്‍ പ്രൊഡക്ഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ചെന്നൈയിലും കൊച്ചിയിലും റോമിലുമായി നടക്കുന്ന ചിത്രീകരണം ഉടന്‍ തുടങ്ങും.

ലൊക്കേഷനില്‍ താരങ്ങള്‍ നേരിട്ടഭിനയിക്കാതെയുള്ള വിര്‍ച്വല്‍ പ്രൊഡക്ഷന്‍ രീതി പൂര്‍ണമായും ഉപയോഗിക്കുന്ന ആദ്യ മലയാള ചിത്രവും കത്തനാര്‍ തന്നെ.ലുക്കും അപ്പിയറന്‍സും മാറ്റാന്‍ 360 ഡിഗ്രി ക്യാമറകള്‍ വച്ച് ( ഇരുന്നൂറിലേറെ ക്യാമറകള്‍) പല ആങ്കിളുകളില്‍ ജയസൂര്യയുടെ ശരീരം സ്‌കാന്‍ ചെയ്‌തെടുത്തത് ഇക്കഴിഞ്ഞയാഴ്ചയായിരുന്നു. ഫോട്ടോ ജ്യോമട്രി എന്നു വിളിക്കുന്ന ഈ രീതി സിനിമയുടെ സ്റ്റോറി ബോര്‍ഡിന്റെ പുതിയ രൂപമായ പ്രീ വിഷ്വലൈസേഷനെയാവും സഹായിക്കുക. ഇങ്ങനെ ഇരുന്നൂറിലേറെ ക്യാമറകള്‍ വച്ചുള്ള ത്രീഡി സ്‌കാനിങ് മലയാള സിനിമയില്‍ പരീക്ഷിക്കുന്നത് ആദ്യമായാണ്.

സീനുകളുടെ സീക്വന്‍സുകള്‍ ഒരുക്കാനും വിഎഫ്എക്‌സും ഗ്രാഫിക്‌സും ഇഫക്ട്‌സും മികവുറ്റതാക്കാനും ഈ സ്‌കാനിങ് ഏറെ സഹായിക്കുമെന്നു ഡിഒപി നീല്‍ ഡിക്കൂഞ്ഞ പറഞ്ഞു. ഇങ്ങനെ ചിത്രീകരിച്ച ലൈവ് ആക്ഷന്‍ ഫൂട്ടേജുകളും കംപ്യൂട്ടര്‍ ഗ്രാഫിക്‌സും ഒരേ സമയം സംയോജിപ്പിക്കുന്നതോടെയാവും സീനുകളും സീക്വന്‍സുകളും പൂര്‍ണതയിലെത്തുക. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കും പ്രിന്‍സിപ്പല്‍ ഫൊട്ടോഗ്രഫിക്കും മാത്രം ഒരു വര്‍ഷത്തോളം വേണ്ടിവരും. വിഷ്ണുരാജാണു വിഎഫ്എക്‌സിന്റെ മേല്‍നോട്ടം. വിര്‍ച്വല്‍ പ്രൊഡക്ഷന്‍ നിയന്ത്രിക്കുന്നത് സെന്തില്‍ നാഥന്‍.

Top