Kathirur Manoj: P Jayarajan

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഇന്ന്‌ കോടതിയിലെത്തി കീഴടങ്ങിയേക്കും. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ ആശുപത്രി വിട്ടു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജയരാജന്‍ ഇന്ന്‌ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷം കോടതിയിലെത്തി കീഴടങ്ങുമെന്നാണ് വിവരം.

കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് ആരോപണമുന്നയിക്കുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

യുഎപിഎ പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു വിലക്കുള്ളതിനാല്‍! ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന്റെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ജയരാജന്റെ യോഗ്യതകള്‍ മാനിച്ചു പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

തലശേരി സെഷന്‍സ് കോടതി 2016 ജനുവരി 30ന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെയായിരുന്നു ജയരാജന്റെ അപ്പീല്‍. സിബിഐ ആറു വാല്യമായി ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചു. മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജന്‍ ആണെന്നു സിബിഐ ആരോപിച്ചിരുന്നു.

കൊല നടത്താനും ബോംബ് പൊട്ടിച്ചു ജനങ്ങളില്‍ ഭീതി പരത്താനുമുള്ള ഗൂഢാലോചനയില്‍ ജയരാജന്റെ പങ്കിനു തെളിവുണ്ടെന്നുള്ള സിബിഐ വാദം അംഗീകരിച്ചാണു കോടതി നടപടി.

Top