Kathirur Manoj murder: P-Jayarajan-bail application

കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം എട്ടിന് പരിഗണിക്കാനായി മാറ്റി.

തിങ്കളാഴ്ചയാണ് ജയരാജന്‍ ഹര്‍ജി സമര്‍പ്പിച്ചത്. മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ജനുവരി 21ലെ റിപ്പോര്‍ട്ടിലൂടെ സിബിഐ ജയരാജനെ 25-ാം പ്രതിയാക്കിയിരുന്നു. തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ജയരാജന്റെ ഹര്‍ജിയില്‍ പറയുന്നു. ഈ കേസില്‍ അന്വേഷണ ഏജന്‍സി പലതവണ ചോദ്യം ചെയ്തിട്ടും തെളിവുകളൊന്നും ലഭിച്ചില്ല. എന്നിട്ടും തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയെന്നും ഇതു നിയമപരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

തീവ്രവാദ വിരുദ്ധ നിയമ പ്രകാരം ജാമ്യം നിഷേധിക്കണമെങ്കില്‍ പ്രഥമദൃഷ്ട്യാ തെളിവു വേണം. തനിക്കെതിരെ ഈ നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവുകളൊന്നുമില്ലെന്നും ജയരാജന്റെ ഹര്‍ജിയില്‍ പറയുന്നു.

Top