Kathiroor Manoj Murder: P Jayarajan surrendering

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി.

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ ആശുപത്രി വിട്ട് പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷം കോടതിയിലെത്തി കീഴടങ്ങുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ആശുപത്രിയില്‍ നിന്നും നേരെ കോടതിയിലെത്തുകയായിരുന്നു.

വ്യാഴാഴ്ചയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്ന് കാണിച്ച് കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

പി ജയരാജനല്ലാതെ മറ്റാര്‍ക്കും മനോജിനോട് വൈരാഗ്യമുണ്ടായിരുന്നില്ല, നിയമം എല്ലാവര്‍ക്കും ഒരുപോലെ, പ്രതിയുടെ പദവി ഒരു പ്രശ്‌നമല്ലെന്നും കോടതി പരാമര്‍ശം ഉണ്ടായിരുന്നു. ക്രൂരമായ കൊലപാതകമാണ്, കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

ജയരാജനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സിബിഐ നിര്‍ദ്ദേശം. കതിരൂര്‍ മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണ്, കേസില്‍ ജയരാജന് നേരിട്ട് പങ്കുണ്ടെന്നും സിബിഐ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പല മൃഗിയ കൊലപാതകങ്ങളിലൂം ജയരാജന് പങ്കുണ്ടെന്ന പരാമര്‍ശവും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

സിബിഐ അറസ്റ്റ് ഉണ്ടാകുന്നതിന് മുമ്പാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്. ജയരാജനെ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11വരെയാണ് റിമാന്‍ഡ്.

കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ജയരാജന്റെ കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നല്‍കിയെങ്കിലും പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

Top