Kathiroor Manoj murder-P Jayarajan

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

അതിനിടെ ജയരാജന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മനോജിന്റെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മനോജ് വധക്കേസില്‍ രാഷ്ട്രീയ പ്രേരിതമായാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ തനിക്കെതിരെ യു.എ.പി.എ ചുമത്തിയത് നിയമവിരുദ്ധമാണെന്നും തെളിവുകളുടെ അഭാവത്തില്‍ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ തലേശ്ശരി സെക്ഷന്‍സ് കോടതി കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് മേല്‍ക്കോടതിയില്‍എത്തിയത്.

അതേസമയം. ജാമ്യാപേക്ഷ തള്ളിയാല്‍ ജയരാജനെ ഉടന്‍ തന്നെ സി,ബി.ഐ അറസ്റ്റു ചെയ്യും. ഹൈക്കോടതിയുടെ വിധി വന്നശേഷം അറസ്റ്റിലേക്ക് കടക്കാനാണ് സി.ബി.ഐ നടത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഏറെ ദിവസമായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് പി.ജയരാജന്‍. ആരോഗ്യ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടും സി.ബി.ഐ കോടതിയില്‍ ഹാജരാക്കി.

2014 സെപ്റ്റംബര്‍ ഒന്നിനാണ് കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

Top