Kathiroor Manoj murder case; Court rejcted Jayarajan’s bail application

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

കേസില്‍ പി. ജയരാജനെ പ്രതിയാക്കാനോ എന്തെങ്കിലും തെളിവ് ഹാജരാക്കാനോ സി.ബി.ഐ യ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നിരിക്കെ, മുന്‍കൂര്‍ജാമ്യം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ. വിശ്വന്റെ വാദം.

എന്നാല്‍, മുമ്പ് ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യം നിലനില്‍ക്കുകയാണെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ജയരാജനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യംചെയ്യലിനായി സി.ബി.ഐ യുടെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ജനുവരി 12ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയത്. തുടര്‍ന്ന് നിലപാടറിയിക്കാന്‍ ജഡ്ജി വി.ജി. അനില്‍കുമാര്‍ സി.ബി.ഐ യ്ക്ക് നോട്ടീസ് അയക്കുകയായിരുന്നു.

2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്ന് തലശേരിയിലേക്ക് വാന്‍ ഓടിച്ചു വരികയായിരുന്ന മനോജിനെ കതിരൂര്‍ ഉക്കാസ്‌മെട്ടയില്‍ വാനിന് ബോംബ് എറിഞ്ഞതിന് ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വീട്ടില്‍കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്.

Top