കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേൽ അന്തിമവിജ്ഞാപനം ഇറങ്ങുന്നത് ഇനിയും വൈകും

ന്യൂഡല്‍ഹി : കേരളം നല്‍കിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കരട് വിജ്ഞാപനം മാത്രമെ ഇപ്പോള്‍ ഇറക്കൂവെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. അന്തിമവിജ്ഞാപനം ഇറങ്ങാന്‍ ഇനിയും വൈകാനാണ് സാധ്യത. ഇത് നാലാം തവണയാണ് കസ്തൂരിരംഗനില്‍ കരട് വിജ്ഞാപനം ഇറങ്ങുന്നത്.

പശ്ചിമഘട്ട സംരക്ഷണത്തിനായി കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന 4452 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴുവാക്കി ഉടന്‍ അന്തിമ വിജ്ഞാപനം ഇറക്കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.

എന്നാല്‍ അന്തിമ വിജ്ഞാപനം ഉടന്‍ ഇറക്കാന്‍ സാങ്കേതികമായി സാധിക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തിയതാണ് ഇതിന് കാരണമായി പറയുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ 2013 നവംബര്‍ 13ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം, പശ്ചിമഘട്ടത്തിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിലെുത്ത് കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ മാറ്റംവരുത്താതെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചു.

Top