പാക് അധീന കാശ്മീരില്‍ പാകിസ്ഥാന് തിരിച്ചടി, പാക് വിരുദ്ധ പ്രതിഷേധം ശക്തമായി

മുസാഫറാബാദ്: പാക് അധീന കാശ്മീരില്‍ പാകിസ്ഥാന് തിരിച്ചടിയായി വിമത ശബ്ദങ്ങള്‍ ശക്തമാകുന്നു.

കാശ്മീരില്‍ പാകിസ്ഥാന്‍ സൈന്യം അതിക്രമിച്ച് കയറിയ പ്രദേശത്തെ ജനങ്ങളാണ് സൈന്യം തിരികെ പോകണമെന്ന ആവശ്യമുന്നയിച്ച് കരിദിനം ആചരിച്ച് പ്രതിഷേധിച്ചത്.

1947 ഒക്ടോബര്‍ 22നാണ് പാക് സൈന്യം കാശ്മീരില്‍ അതിക്രമിച്ച് കയറി ചില പ്രദേശങ്ങള്‍ പിടിച്ചെടുത്തത്.

പാക് അതിക്രമത്തിന്റെ 70-ാം വാര്‍ഷിക ദിവസമായ ഞായറാഴ്ച നിരവധിയാളുകളാണ് മുസാഫറാബാദ്, റാവല്‍കോട്ട്, കോട്ലി, ഗില്‍ജിത്ത്, ഹാജിറ തുടങ്ങിയ സ്ഥലങ്ങളില്‍ പങ്കെടുത്തത്. പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാര്‍ പാകിസ്ഥാന്‍ സൈന്യം പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു.

വന്‍ റാലിയും പൊതുയോഗവും റാവല്‍കോട്ടിനടുത്തുള്ള ബാന്‍ബെഹക്കില്‍ ചേര്‍ന്നു. സമാനമായ പരിപാടി പാക് അധീന കാശ്മീരിലെ പല പ്രദേശങ്ങളിലും നടന്നു.

കാശ്മീര്‍ വിഭജനത്തിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് ജമ്മു കാശ്മീര്‍ നാഷണല്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് അലയന്‍സ് ചെയര്‍മാന്‍ സര്‍ദാര്‍ മുഹമ്മദ് കാശ്മീരി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസത്തിലാണ് പാക് സൈന്യം ഞങ്ങളുടെ മണ്ണില്‍ അതിക്രമിച്ചു കയറിയത്. അവരിന്നും കാശ്മീരിനെ കൊള്ളയടിക്കുകയും നല്ല മനുഷ്യരെ ഉപദ്രവിക്കുകയുമാണ്.

പാക് അധീന കാശ്മീരിലുള്ളവര്‍ പാക് സൈന്യത്തിന്റെ തോക്കിന്‍ കുഴലിലൂടെ മരണം വരുന്നതും പ്രതീക്ഷിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top