യു.പിയില്‍ അക്രമം നടത്തിയവരില്‍ സൈന്യത്തിനുനേരെ കല്ലെറിയുന്നവരും: കേന്ദ്രമന്ത്രി

പട്ന (ബിഹാര്‍): പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.പിയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ കശ്മീരില്‍ സൈന്യത്തിനുനേരെ കല്ലേറ് നടത്തുന്നവരും പങ്കെടുത്തുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ബിഹാറിലെ സമസ്തിപൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.

‘യു.പിയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ കശ്മീരില്‍ കല്ലേറ് നടത്തുന്നവരെയും വിളിച്ചു വരുത്തിയിരുന്നു. അക്രമങ്ങള്‍ക്ക് പിന്നില്‍ വോട്ട്ബാങ്ക് രാഷ്ട്രീയമാണ്. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ പ്രദേശത്തെ ജനങ്ങളൊന്നും പങ്കെടുത്തിട്ടില്ല’ – അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് പൗരത്വ നിയമം ഭേദഗതി ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിനിടെ അക്രമം നടത്താന്‍ കോണ്‍ഗ്രസ് പിന്‍തുണ നല്‍കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് യു.പിയില്‍ പ്രതിഷേധിക്കുന്നവര്‍ കശ്മീരില്‍ കല്ലേറ് നടത്തുന്നവരാണെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പരാമര്‍ശം.

Top