‘കശ്മീർ ഫയൽസിന്റെ’ ആവർത്തനം, വീണ്ടും പിടഞ്ഞുവീണ് കശ്മീരി പണ്ഡിറ്റ് !

ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തിയും കടന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ‘ദി കശ്മീർ ഫയൽസ്’ കശ്മീരി പണ്ഡിറ്റുകളെ ഭീകരർ കൂട്ടക്കൊല ചെയ്ത കഥ പറഞ്ഞ ആ സിനിമ പുറത്തു വിട്ടത് ഞെട്ടിക്കുന്ന ചരിത്ര യാഥാർത്ഥ്യമാണ്. അതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ വീണ്ടും ജമ്മു കശ്മീരിന്റെ മണ്ണിൽ നടന്നിരിക്കുന്നത്. രാജ്യത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന സംഭവമാണിത്.

ബഡ്ഗാം ജില്ലയിൽ സർക്കാർ ജീവനക്കാരനായ രാഹുൽ ഭട്ടിനെയാണ് “കശ്മീർ ഫയൽസ് ” മോഡലിൽ ഭീകരർ ഓഫീസിലെത്തി വെടിവെച്ചുകൊന്നിരിക്കുന്നത്. സംഭവത്തിൽ വ്യാപകപ്രതിഷേധമാണ് നിലവിൽ ഉയർന്നിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരനാണ് മരിച്ച ഭട്ട്. വ്യാഴാഴ്ചയാണ് ജില്ലയിലെ ഛന്ദൂരയിൽ തഹസിൽദാർ ഓഫീസിലെത്തിയ രണ്ടുഭീകരർ ക്‌ളാർക്കായ രാഹുൽ ഭട്ടിനെ(35)നെ ദാരുണമായി കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

ഇതേ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം വലിയ ആശങ്കയാണ് പടർത്തുന്നത്. ശ്രീനഗറിലെ വിമാനത്താവളത്തിലേക്കു മാർച്ചു നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. തുടർന്ന് കണ്ണീർവാതകവും പ്രയോഗിച്ചു. ബഡ്ഗാമിലും അനന്ത്നാഗിലും വൻ പ്രതിഷേധമുണ്ടായി. വിഷയത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തങ്ങളോട് സംസാരിക്കാൻ തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. സുരക്ഷിത കേന്ദ്രങ്ങളിലേക്കു തങ്ങളെ മാറ്റിപാർപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇവർ പറഞ്ഞു. ഈ ആവശ്യം ന്യായമാണെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങളും ചൂണ്ടിക്കാട്ടുന്നത്.

കശ്മീർ ടൈഗേഴ്‌സ് എന്ന ഭീകരസംഘത്തിൽപ്പെട്ടവരാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഡ്ഗാമിലെത്തുന്നത് തടയാൻ തന്നെ വീട്ടുതടങ്കലിലാക്കിയതായി പി.ഡി.പി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകളും മുസ്ലിങ്ങളും തങ്ങളുടെ വേദനകളിൽ പരസ്പരം അനുകമ്പ പ്രകടിപ്പിക്കുന്നുണ്ട്. ഇത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നതിനാലാണ് ബി.ജെ.പി.യുടെ നടപടിയെന്നും അവർ ആരോപിക്കുന്നു.

അതേസമയം ബി.ജെ.പി രാജ്യം ഭരിക്കുമ്പോൾ ”കശ്മീർ ഫയൽ സ് ” ആവർത്തിക്കാൻ ശ്രമിക്കുന്നത് സംഘ പരിവാർ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കാൻ ആർ.എസ്.എസും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘ദി കാശ്മീർ ഫയൽസ്’ എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു. ഈ സിനിമ കുടുതൽ ആളുകളിലേക്ക് എത്താൻ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി ഇളവുകളും അനുവദിച്ചിരുന്നു.രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. കശ്മീരിൽ കലാപം അതിരൂക്ഷമായി മാറിയ 1990-ൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. അന്നത്തെ സാഹചര്യങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് വ്യക്തമാക്കിയ ശേഷം വർത്തമാന കാലത്തേക്ക് കഥയെത്തുന്നു. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന രംഗത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം ഒരു ശവക്കുഴിയിലാണ് അവസാനിക്കുന്നത്. അതിനിടയിലുള്ള മണിക്കൂറുകൾ പ്രേക്ഷകരുടെ മനസിനെ സിനിമ സംഘർഷഭരിതമാക്കിയെന്നും പ്രതികരണങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ ഭീകര ആക്രമണത്തിലൂടെ, വീണ്ടും ഈ സിനിമ കൂടിയാണ് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്.

Top