കശ്മീരിലെ വിദേശ സംഘത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയായി; അജിത് ഡോവലുമായി കൂടിക്കാഴ്ച്ച ഉടന്‍

ന്യൂഡല്‍ഹി: കശ്മീരിലെത്തിയ വിദേശ സംഘത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയായി. സന്ദര്‍ശനത്തിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംഘം കൂടിക്കാഴ്ച നടത്തും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25 പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കായി ഇന്ത്യയുടെ ക്ഷണപ്രകാരം ആയിരുന്നു പ്രതിനിധികളുടെ സന്ദര്‍ശനം. ഇന്നലെ പ്രതിനിധികള്‍ മുതിര്‍ന്ന സൈനിക തലവന്‍മാരുമായി സംസാരിച്ചിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ ജി.സി മുര്‍മു, ചീഫ് സെക്രട്ടറി ബിവിആര്‍ ദില്ലോണ്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ജര്‍മനി, കാനഡ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കമുള്ള സംഘം ശ്രീനഗറിലെത്തിയത്.

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ ഇന്ത്യ അതിക്രമങ്ങള്‍ കാണിക്കുകയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശരാജ്യങ്ങളുടെ പ്രതിനിധികളെ ഇന്ത്യ മേഖലയിലേക്ക് ക്ഷണിച്ചത്. കശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന മൂന്നാമത്തെ വിദേശ സംഘമാണിത്.

Top