Kashmir violence: Narendra Modi appeals for peace

ന്യൂഡല്‍ഹി: കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാവരും മുന്‍കൈ എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജമ്മുകശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് അഞ്ചുദിവസമായി തുടരുന്ന സംഘര്‍ഷത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമാധാനം പുനഃസ്ഥാപിക്കാനുളള പ്രധാനമന്ത്രിയുടെ ആഹ്വാനം ഉണ്ടായത്.

നിരപരാധികളെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തയാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കശ്മീരിലെ സംഭവ വികാസങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവന നടത്തും. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി ആഭ്യന്തര മന്ത്രി വീണ്ടും ചര്‍ച്ച നടത്തും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കശ്മീരില്‍ നിന്നുളള ഒരു പ്രതിനിധിയെ പോലും ഉള്‍പ്പെടുത്താത്തതിനെതിരെ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുളള രംഗത്ത് വന്നു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സംസ്ഥാനം വിട്ടു പോകാനാവില്ല. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയെ യോഗത്തില്‍ പങ്കെടുപ്പിക്കായിരുന്നുവെന്നും ഉന്നതതല യോഗത്തെ വിമര്‍ശിച്ച് ഉമര്‍ അബ്ദുളള ട്വീറ്റ് ചെയ്തു.

സംഘര്‍ഷം തുടരുന്ന കശ്മീരില്‍ ഇതുവരെ 30 പേര്‍ കൊല്ലപ്പെടുകയും 1400 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Top