സൈനികര്‍ക്കു നേരെ കല്ലേറ് ; ജമ്മുവിലും കശ്മീരിലും നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി

ശ്രീനഗര്‍ : കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ സൈനികര്‍ക്കു നേര്‍ക്ക് കല്ലേറ്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുവിലും കശ്മീരിലും നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി.

ജമ്മു മേഖലയില്‍ വെളളിയാഴ്ച രാത്രി പുനസ്ഥാപിച്ച ഇന്റര്‍നെറ്റ് സേവനം വീണ്ടും വിച്ഛേദിച്ചു. കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്. കനത്ത സുരക്ഷയില്‍ ശ്രീനഗര്‍ ജില്ലയിലെ 190 പ്രൈമറി സ്‌കൂളുകള്‍ ഇന്നുതുറക്കും. 4000 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലില്‍ തുടരുകയാണ്.

എത്രപേര്‍ അറസ്റ്റിലായെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പൊതുസുരക്ഷ നിയമപ്രകാരം പിടികൂടുന്നവരെ വിചാരണ കൂടാതെ രണ്ടു വര്‍ഷംവരെ തടവിലിടാന്‍ അനുമതി നല്‍കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്താണത്രെ വ്യാപക അറസ്റ്റ്.

വാര്‍ത്തവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണമുള്ളതിനാല്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് അറസ്റ്റിലായവരുടെ കണക്കെടുത്തത്. നൂറിലധികം പ്രാദേശിക രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും അക്കാദമിഷന്‍സും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

Top