കശ്മീർ വീണ്ടും കത്തുന്നു, വിജയകുമാർ ഭീകരരുടെ പേടിസ്വപ്നമായി മാറുന്നു . . .

ശ്മീര്‍ ഭീകരരുടെ ശവപ്പറമ്പായി മാറുന്നു. സ്വന്തം ജനതയെ കൊന്നു തള്ളുകയാണെന്ന് ആരോപിച്ച് കശ്മീരിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും സൈനിക നടപടിയെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ല.

ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണ്ണര്‍ ഭരണത്തിലേക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായി വിജയകുമാറിനെ നിയോഗിച്ചതു കൂടിയാണ് സൈനിക – പൊലീസ് നടപടിക്ക് ഇവിടെ വേഗത കൈവന്നത്.

പാക്ക് ഭീകരരുടെ കേന്ദ്രമായി മാറിയ താഴ് വരയില്‍ നിന്നും ഭീകരരെ പൂര്‍ണ്ണമായും തുടച്ചു നീക്കുക എന്ന ദൗത്യമാണ് മുന്‍ തമിഴ് നാട് ഡി ജി പി കൂടിയായ വിജയകുമാറിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

കാട്ടു കൊള്ളക്കാരന്‍ വീരപ്പനെ ആസൂത്രിത നീക്കത്തിലൂടെ വധിച്ചും മാവോയിസ്റ്റ് വേട്ടയിലൂടെ പൊലീസ് സേനക്ക് ആവേശമായും മാറിയ ഉദ്യോഗസ്ഥനാണ് വിജയകുമാര്‍. ചെന്നൈയില്‍ ക്രിമിനലുകള്‍ക്കെതിരെ ജയലളിതയുടെ ഭരണകാലത്ത് എന്‍കൗണ്ടര്‍ നടപ്പാക്കിയാണ് ആദ്യം ശ്രദ്ധേയനായത്. പിന്നീട് ഹൈദരാബാദ് നാഷണല്‍ പൊലീസ് അക്കാദമി മേധാവിയായും സി.ആര്‍.പി.എഫ് തലവനായും സേവനമനുഷ്ടിച്ചു. കേന്ദ്ര ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ആയിരിക്കെയാണ് പുതിയ ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍ കാശ്മീരിലേക്ക് അയച്ചത്.

ദക്ഷിണ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരവിരുദ്ധ നടപടിക്കിടെ നടന്ന വെടിവയ്പ്പില്‍ 11 പേരാണ് ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ടത്. ഇതില്‍ മൂന്ന് കൊടും ഭീകരരും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പട്ടാളത്തില്‍ നിന്നും ആയുധങ്ങളുമായി ഒളിച്ചോടി ഭീകരര്‍ക്കൊപ്പം ചേര്‍ന്ന സഹൂര്‍ അഹമ്മദ് ഥോക്കറിനെ പിടികൂടാനാണ് സേന പ്രദേശം വളഞ്ഞത്. 25 മിനുട്ട് നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സഹൂര്‍ ഉള്‍പ്പെടെയുള്ള മൂന്നു പേരെ വധിച്ചത്.

നാട്ടുകാരന്‍ കൂടിയായ സഹൂറിനെതിരായ ആക്രമണം ചെറുത്ത് സൈനികരെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെ നടന്ന ആക്രമണത്തിലാണ് എട്ടു പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ പലരും ഭീകരരുടെ ആയുധമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണക്കാരെ മറയാക്കി ഭീകരര്‍ നടത്തുന്ന നീക്കങ്ങളെ കര്‍ശനമായി നേരിട്ട് അടിച്ചമര്‍ത്താന്‍ തന്നെയാണ് സൈന്യത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

വിജയകുമാറാണ് ഗവര്‍ണ്ണറുടെ ഉപദേഷ്ടാവായതിനു ശേഷമാണ് ഭീകരവിരുദ്ധ ഓപ്പറേഷന് വേഗത കൈവന്നിരിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയമൊന്നും ഭീകരര്‍ക്കെതിരായ കേന്ദ്ര നിലപാടിനെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.

കശ്മീരില്‍ വീണ്ടും സൈനിക നടപടി ശക്തമാകുന്നത് വീണ്ടും അതിര്‍ത്തി കടന്നുള്ള മിന്നല്‍ ആക്രമണത്തിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് അതിര്‍ത്തിയിലെ പാക്ക് ഭീകരതാവളത്തിലേക്ക് ഇന്ത്യന്‍ സേന വീണ്ടും ശക്തമായ ആക്രമണം നടത്താന്‍ സാധ്യത ഉണ്ടെന്നാണ് ലോക രാഷ്ട്രങ്ങളും വിലയിരുത്തുന്നത്.

ഭീകരതക്കെതിരായ സംയുക്ത പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയുമായി സൈനികാഭ്യാസത്തിന് തയ്യാറായ ചൈനക്കു പോലും ഇന്ത്യയുടെ ഭീകര വിരുദ്ധ പോരാട്ടത്തെ ഇനി ചോദ്യം ചെയ്യാന്‍ കഴിയില്ല.

Top