കശ്മീര്‍ 15-ാം ദിവസവും അശാന്തം; ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ 15-ാം ദിവസവും തുടരുന്നു. മെന്ദറിലെ ബട്ട ദുര്യന്‍ വനത്തിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. പൂഞ്ചിലെ സുറന്‍കോട്ടും രജൗരി ജില്ലയിലെ തനമണ്ടി പ്രദേശവും ചേരുന്നിടത്താണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍.

തീവ്രവാദികള്‍ക്ക് വേണ്ടി വ്യാപക പരിശോധനയാണ് സെന്യം നടത്തുന്നത്. ജമ്മു കശ്മീരില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി ഒരു മലയാളി അടക്കം 9 സൈനികരാണ് വീരമൃത്യു വരിച്ചത്.

ഞായറാഴ്ച പൂഞ്ച് ജില്ലയിലെ വനങ്ങളില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് തിരിച്ചടിച്ച സൈന്യം ഒരു പാക് തീവ്രവാദിയെ കൊലപ്പെടുത്തിയതായാണ് വിവരം. തീവ്രവാദികളുടെ വെടിവെപ്പില്‍ 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൊലീസും സൈന്യവും ചേര്‍ന്നായിരുന്നു വനത്തില്‍ തിരച്ചില്‍ നടത്തിയത്. തടവിലാക്കിയ ലക്ഷ്വറെ ത്വയ്ബ അംഗമായ സിയ മുസ്തഫ എന്ന പാക് തീവ്രവാദി ബട്ട ദുര്യന്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

ഒളിച്ചിരിക്കുന്നവരെ കണ്ടെത്താന്‍ വേണ്ടി തടവിലാക്കിയ തീവ്രവാദി സിയ മുസ്തഫയെ സൈന്യം കൂടെ കൂട്ടുകയായിരുന്നു. എന്നാല്‍ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും സിയ മുസ്തഫ കൊല്ലപ്പെടുകയായിരുന്നു എന്നും അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. വെടിവെപ്പില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു സൈനികനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Top