കശ്മീര്‍ വിഷയം ; മോദി ട്രംപിനോട് മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് വിദേശകാര്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.

എന്നാല്‍ യു.എസ്. പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളംവയ്ക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ചു.

അതേസമയം കശ്മീരിലേത് ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായാണ്അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം എത്തിയിരിക്കുന്നത്.

ഭീകരതയ്‌ക്കെതിരായി പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന ശക്തമായ നടപടികളായിരിക്കും ഇന്ത്യയുമായുള്ള മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനം. ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനായി അമേരിക്ക പിന്തുണ നല്‍കുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രാലയം പറയുന്നു.

അതേസമയം, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ടോ എന്ന കാര്യം അമേരിക്ക വ്യക്തമാക്കിയിട്ടില്ല. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ സഹായം തേടിയെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ വാദം ഇന്ത്യ പൂര്‍ണമായും നിഷേധിച്ചു.

വിഷയത്തില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിര്‍ദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ കശ്മീരില്‍ പ്രശ്‌ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം അഭ്യര്‍ഥിച്ചതായി പറഞ്ഞത്. രണ്ടാഴ്ച മുമ്പ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടാമോ എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു എന്നാണ് ട്രംപ് പറഞ്ഞത്.

Top