കശ്മീരില്‍ പുല്‍വാമ മാതൃകയിലുള്ള ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമ മാതൃകയിലുള്ള ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിടുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് കശ്മീരിലെ നോര്‍ത്ത്, സെന്‍ട്രല്‍ മേഖലകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പത്താന്‍, സോപോര്‍, ഹന്ദ്വാര തുടങ്ങിയ മേഖലകളില്‍ സുരക്ഷാ സേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൈനിക വാഹനങ്ങള്‍ പോകുന്ന സമയത്ത് ഹൈവേയില്‍ കര്‍ശന പരിശോധന ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം എല്ലാ സുരക്ഷാ സേനാംഗങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

ആക്രമണം നടത്താന്‍ പദ്ധതിയൊരുക്കുന്നത് ലഷ്‌കറെ തോയ്ബയാണെന്നും ബാരാമുള്ളയിലെ പഠാന്‍ ഏരിയയില്‍ വെച്ച് ദേശീയപാതയില്‍ സുരക്ഷാസേനയ്ക്ക് നേരെ വാഹനത്തില്‍ ബോംബ് നിറച്ച് ആക്രമണം ഉണ്ടായേക്കാമെന്നുമാണ് റിപ്പോര്‍ട്ട്.
പാക് പൗരനായ റഹ്മാന്‍ ഭായ് എന്നയാളാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

Top