ഭീകരാക്രമണ സാധ്യത ; കശ്മീരിലെ വ്യോമതാവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

kashmirarmy

ശ്രീനഗര്‍: ജമ്മുകശ്മീരിലെ വ്യോമതാവളങ്ങളില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പ്. ശ്രീനഗര്‍, അവന്തിപ്പോറ വ്യോമതാവളങ്ങളിലാണ് ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറിയിപ്പ് വന്നതിനു പിന്നാലെ വ്യോമതാവളങ്ങളിലും കശ്മീരിലാകെയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസവും ഷോപിയാനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇന്ന് രാവിലെ പുല്‍വാമയിലും ഭീകരര്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Top