ഭീകരരെന്നു കരുതി സൈന്യം വധിച്ചത് നിരപരാധികളായ വിദ്യാര്‍ഥികളെയെന്ന് കുടുംബം

കശ്മീര്‍: ശ്രീനഗറിനടുത്ത് ലവേപൊരയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ വധിച്ചുവെന്ന പൊലീസിന്റെ അവകാശ വാദം തെറ്റെന്ന് ആക്ഷേപം. കൊല്ലപ്പെട്ടവര്‍ വിദ്യാര്‍ഥികളാണെന്നും നിരപരാധികളാണെന്നും വ്യക്തമാക്കി മൂവരുടെയും കുടുബങ്ങള്‍ പ്രതിഷേധം നടത്തി. കൊല്ലപ്പട്ടവരില്‍ ഒരാള്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണെന്നും കുടുംബം അറിയിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടോടെ ഭീകരര്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് വാദം. തുടര്‍ന്ന് രാത്രി മുഴുവന്‍ ഇരുകൂട്ടരും വെടിവെപ്പ് തുടര്‍ന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൊലീസ് റെക്കോര്‍ഡില്‍ തീവ്രവാദികളായി ലിസ്റ്റ് ചെയ്യപ്പെടാത്തവരാണ് കൊല്ലപ്പെട്ടവര്‍. കൊല്ലപ്പെട്ടവര്‍ തങ്ങളുടെ ലിസ്റ്റില്‍ ഇല്ലാത്തവരാണ് എങ്കിലും പരോക്ഷമായി തീവ്രവാദികളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പൊലീസ് പ്രസ്താവനയില്‍ പറയുന്നത്.

എന്നാല്‍ പൊലീസ് വധിച്ച മൂന്ന് പേരും നിരപരാധികളായ വിദ്യാര്‍ഥികളാണെന്ന് വ്യക്തമാക്കി കുടുംബങ്ങള്‍ രംഗത്തെത്തി. ഏറ്റുമുട്ടല്‍ നടന്നെന്ന് പറയപ്പെടുന്ന ചൊവ്വാഴ്ച മൂന്ന് വിദ്യാര്‍ത്ഥികളും കശ്മീര്‍ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കാനായി പോയതായിരുന്നുവെന്നും കുടുംബം പറയുന്നു. വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതിന് എതിരെ കടുത്ത രോഷമാണ് ഉയരുന്നത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തതിയടക്കമുള്ളവര്‍ കുടുബത്തിന്റെ പ്രതിഷേധ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

Top