കശ്മീർ പോസ്റ്റ് വിവാദം: ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി കെടി ജലീൽ

ഡൽഹി: കശ്മീർ പോസ്റ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെടി ജലീൽ ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി കേരളത്തിലേക്ക് മടങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ പിന്നീട് യാത്ര പുലർച്ചെ മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി. ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലായിട്ടും അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീൽ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരുന്നു.

തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയക്കായി അത് പിൻവലിക്കുന്നു എന്നുമാണ് ജലീൽ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമ‌‍ർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി. സിപിഎം നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് കെടി ജലീലിന്റെ പിൻവാങ്ങൽ. അടിക്കടി ജലീൽ പാർട്ടിക്കും സ‍ർക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും എതിർപ്പ് വ്യക്തമാക്കിയിരുന്നു.

ഡൽഹി തിലക് മാ‍ർഗ് പോലിസ് സ്റ്റേഷനിൽ ബിജെപി അനുകൂലിയായ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകിയിരുന്നു. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ഡൽഹിയിൽ തുടരുമ്പോൾ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പുലർച്ചെ തന്നെ എംഎൽഎ കേരളത്തിലേക്ക് മടങ്ങിയതെന്നും വിലയിരുത്തലുണ്ട്.

Top