കാശ്മീരില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മേജര്‍ക്കെതിരെ കൊലപാതക കേസെടുത്തു

ശ്രീനഗര്‍: കാശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മേജര്‍ ആദിത്യയ്‌ക്കെതിരെ ജമ്മു കാശ്മീര്‍ പൊലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച ഷോപ്പിയാനിലെ ഗാനോപോരയിലാണ് സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് പേര്‍ മരിച്ചത്. സംഭവത്തില്‍ മജിസ്റ്റേറിയല്‍ അന്വേഷണത്തിന് ജില്ലാ ഭരണകുടം ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് ഷോപ്പിയാന്‍ എസ്.പി. റാം അംബേദ്കര്‍ വ്യക്തമാക്കി.

കൊലപാതകത്തെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുല്‍വാമ, അനന്തനാഗ്, കുല്‍ഗാം, ഷോപിയാംഗ് എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

വിഘടനവാദികളുടെ കല്ലേറില്‍ നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സൈന്യം വ്യക്തമാക്കി.

Top