Kashmir: Militants open fire at army camp in Handwara, 3 dead

ശ്രീനഗര്‍: കാശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്വാരസൈനിക ക്യാമ്പിനു സമീപം ആക്രമണം നടത്തിയ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടല്‍ അവസാനിച്ചു.

സൈന്യം നടത്തിയ തിരിച്ചടിയില്‍ മുന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി.
ആക്രമണത്തില്‍ സൈനികര്‍ക്ക് ആര്‍ക്കും പരുക്കുകളേറ്റിട്ടില്ല.

ഹന്ദ്വാരയിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാംപിനു നേരെയാണ് ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ വെടിവെപ്പ് ഉണ്ടായത്. ഇരുപത് മിനിറ്റോളം നീണ്ടു നിന്ന വെടിവെപ്പില്‍ സൈന്യവും തിരിച്ചടിച്ചു. ആദ്യ ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകളില്ലായിരുന്നു. തുടര്‍ന്ന് സൈന്യം ക്യാംപിന് ചുറ്റും നടത്തിയ തിരച്ചിലിലാണ് വീണ്ടും വെടിവെപ്പ് ഉണ്ടായത്. ഈ ആക്രമണത്തിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ സൈനികരുടെ വേഷം ധരിച്ചാണ് അതിര്‍ത്തി കടന്നെത്തിയത്.

രണ്ടു സെന്‍ട്രി പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

അതെസമയം നൗഗാം, റാപൂര്‍ സെക്ടറുകളിലായി ഭീകരരുടെ മൂന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം തകര്‍ത്തതായി അവകാശപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് പാക് അധീന പ്രദേശങ്ങളിലെ തീവ്രവാദ ക്യാംപുകള്‍ ആക്രമിച്ചതിന് പിന്നാലെ സൈന്യം അതീവ ജാഗ്രതയിലായിരുന്നു. തുടര്‍ന്ന് പാകിസ്താന്‍ നിയന്ത്രണരേഖയ്ക്കപ്പുറത്ത് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ തുറക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പന്ത്രണ്ടോളം പുതിയ ഭീകരവാദ ക്യാംപുകള്‍ പാക് നിയന്ത്രണ രേഖയ്ക്കപ്പുറത്ത് തുറന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Top