കശ്മീർ ഫലം ബിജെപിക്കും നിർണ്ണായകം, ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ . . .

പ്രശ്‌ന കലുഷിതമായ ഒരു സംസ്ഥാനമാണ് ജമ്മു കശ്മീര്‍. ബാലക്കോട്ട്, പുല്‍വാമ ഭീകരാക്രണങ്ങള്‍ ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ അടുത്തിടെ തന്നെ നടന്ന സംസ്ഥാനമാണിത്. മെഹബൂബ മുഫ്തി സര്‍ക്കാരിന്റെ പതനമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കശ്മീര്‍ രാഷ്ട്രീയത്തില്‍ നടന്ന പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന്. ഈ തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രധാന വിഷയവും കശ്മീരാണ്. അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ ദേശീയതാ വാദത്തിന് ബലം നല്‍കാന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട പേരാണ് കശ്മീര്‍.

ഫെബ്രുവരി 14-ാം തീയതി നടന്ന പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്കു, നിങ്ങളുടെ സമ്മതിതാനവകാശം രേഖപ്പെടുത്തൂ എന്ന് പറഞ്ഞു കൊണ്ടാണ് ബിജെപി യുവാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ബാലക്കോട്ട് ആക്രമണം തന്നെയാണ് രാജ്യവ്യാപകമായി ബിജെപിയുടെ പ്രധാനപ്പെട്ട പ്രചരണ ആയുധം. അതുകൊണ്ട് തന്നെ പ്രാദേശിക വിഷയങ്ങളെക്കാള്‍ ജമ്മു കശ്മീരിലെ ചര്‍ച്ചകളും ദേശീയ സുരക്ഷയെ ഊന്നിയാണ്.

മോദി സര്‍ക്കാരിന്റെ പല തീരുമാനങ്ങളും കശ്മീരില്‍ പ്രാദേശിക പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2018ല്‍ പോലും 160 സാധാരണക്കാരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് മാത്രം കൊലചെയ്യപ്പെട്ടത്. 31 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു എന്നതാണ് ഇതില്‍ ഞെട്ടിക്കുന്ന ഘടകം. സാധാരണ ജനങ്ങളുടെ അവകാശങ്ങളെ സുരക്ഷയോടൊപ്പം സംരക്ഷിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട വാഗ്ദാനം. അഫ്‌സ്പ നിയമത്തില്‍ ഭേദഗതി വരുത്തും എന്നും കോണ്‍ഗ്രസ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തു കളയുമെന്ന വാഗ്ദാനം പൊടി തട്ടിയെടുക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നത്.

ത്രികോണ മത്സരത്തിന്റെ സാധ്യതകളാണ് കശ്മീരില്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പിഡിപി, ബിജെപി എന്നിവര്‍ക്കു പുറമെ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേരുന്ന മുന്നണിയും പ്രധാനപ്പെട്ട ശക്തിയാണ്. 2014 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഒന്നും നേടാന്‍ സാധിച്ചിരുന്നില്ല. പിഡിപിയും ബിജെപിയും മൂന്ന് സീറ്റുകള്‍ വീതം നേടി തുല്യശക്തകളായി.

ആക്രമണ സംഭവങ്ങളാണ് കശ്മീരിനെ എല്ലായിപ്പോഴും പിടിച്ചു കുലുക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ കശ്മീര്‍ ജനങ്ങളെ ചെറുതായല്ല വലയ്ക്കുന്നത്. ഉദ്ദംപൂര്‍-ബാരാമുള്ള റോഡില്‍ ആഴ്ചയില്‍ രണ്ട് ദിവസമുള്ള ഗതാഗത നിരോധനം ഇസ്രായേലിനോടാണ് ആളുകള്‍ ഉപമിക്കുന്നത്. ആറ് ലോക്‌സഭാ മണ്‌ലങ്ങള്‍ മാത്രമേ ഉള്ളൂ എങ്കിലും കൃത്യമായി തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് സത്യം.

2018 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ചതോടെ വെറും 35 ശതമാനത്തിന്റെ പോളിംഗ് മാത്രമാണ് രേഖപ്പെടുത്താന്‍ സാധിച്ചത്.

ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് ശ്രീനഗര്‍. ഇവിടെ, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ളയ്ക്ക് തന്നെയാണ് ഇത്തവണയും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഉദ്ദംപൂരില്‍, സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗ് കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിംഗുമായാണ് നേര്‍ക്കു നേര്‍ മത്സരം വരുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ ഗുലാംനബി ആസാദിനെ 60,000ത്തിലധികം വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ച ആളാണ് ജിതേന്ദ്ര സിംഗ്.

ജമ്മു, ഉദ്ദംപൂര്‍ മണ്ഡലങ്ങളും കടുത്ത മത്സരം പ്രതീക്ഷിക്കുന്നവയാണ്. 2014ല്‍ 25 ശതമാനം പോളിംഗ് രേഖപ്പെടുത്തുകയും 2017ലെ ഉപതെരഞ്ഞെടുപ്പില്‍ വെറും 7 ശതമാനം മാത്രമായി ഇത് ചുരുങ്ങുകയും ചെയ്ത മണ്ഡലമാണ് ശ്രീനഗര്‍. മെയ് ആറിനാണ് ലഡാക്ക് ജനവിധി തേടുന്നത്. മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന അനന്ദ്‌നാഗില്‍ 2014 ല്‍ 28.84 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

പ്രശ്‌നബാധിത മണ്ഡലങ്ങളില്‍ എംപിമാരില്ലാത്ത അവസ്ഥയുമുണ്ട്. അനന്ദ്‌നാഗാണ് ഇതില്‍ പ്രധാനപ്പെട്ടത്. 2014ല്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തി നിയമസഭയിലേയ്ക്ക് മത്സരിച്ചതോടെ എംപി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. 2017ല്‍ ശ്രീനഗറിനൊപ്പം ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം, അത് നടന്നില്ല. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡന്റ് ബുര്‍ഹാന്‍ വാനിയെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ഈ കാലയളവില്‍ കശ്മീരില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെ ചാവേര്‍ ആക്രമണവും ഉണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഉടന്‍ തന്നെ സൗത്ത് കശ്മീരില്‍ നടന്ന കൊലപാതകങ്ങള്‍ ഭരണകൂടത്തിന് തലവേദനയായിരുന്നു.

മുഫ്തിയുടെ വിശ്വാസ്യത വളരെയധികം ചോദ്യം ചെയ്യപ്പെട്ട നാളുകളായിരുന്നു അത്. മുഫ്തി കുടുംബത്തിന്റെ പാരമ്പര്യ മണ്ഡലമായ ആനന്ദനാഗ് മെഹബൂബയുടെ അഭിമാനപ്രശ്‌നമാണ്.

ലഡാക്ക് 2014ലാണ് ആദ്യമായി ബിജെപി പിടിച്ചെടുക്കുന്നത്. എന്നാല്‍, തുപ്സ്ഥാന്‍ ചിവാങ് പാര്‍ട്ടി വിട്ട് പുറത്തു പോയത് ബിജെപിയ്ക്ക് തിരിച്ചടിയാകും. 2018ലെ തെരഞ്ഞെടുപ്പില്‍ തന്ത്രപ്രധാന മേഖലയായ കാര്‍ഗിലില്‍ ഒറ്റ സീറ്റ് പോലും നേടാന്‍ സാധിക്കാത്ത ബിജെപിയ്ക്ക് തുപ്സ്ഥാന്റെ കൂട് മാറ്റവും വലിയ പ്രഹരമായിരുന്നു. കോണ്‍ഗ്രസാണ് ഈ മേഖലകളില്‍ നിലവിലെ വലിയ ശക്തി.

സൈനിക വിജയങ്ങളും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തി വോട്ട് പിടിക്കുന്ന ബിജെപിയ്ക്ക് കശ്മീര്‍ വിധി ഏറെ നിര്‍ണ്ണായകമാണ്. ഇവിടെ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് രാജ്യവ്യാപകമായി തന്നെ എന്‍ഡിഎ മുന്നണിയെ പ്രതിരോധത്തിലാക്കും.

Top