കശ്മീര്‍ മധ്യസ്ഥത; അത് അടഞ്ഞ അധ്യായമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കശ്മീരില്‍ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ഇന്ത്യ തള്ളിയ സാഹചര്യത്തില്‍ അത് അടഞ്ഞ അധ്യായമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗളയാണ് ഇക്കാര്യം അറിയിച്ചത്.

ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാണെങ്കില്‍ മാത്രം നിലനില്‍ക്കുന്ന നിലപാടായിരുന്നു കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നത് എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

ജൂലായ് 22ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം അഭ്യര്‍ഥിച്ചതായി പറഞ്ഞത്. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടാമോ എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു എന്നാണ് ട്രംപ് ആരോപിച്ചത്.

എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്നും, ഇന്ത്യ പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാകൂ എന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Top