ട്രംപിന്റെ അവകാശവാദം ശരിയാണെങ്കില്‍ മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് രാഹുല്‍ഗാന്ധി

rahul gandhi

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന ട്രംപിന്റെ അവകാശവാദം ശരിയാണെങ്കില്‍ മോദി രാജ്യതാത്പര്യം ബലികഴിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ഗാന്ധി. കശ്മീര്‍ വിഷയത്തില്‍ രാജ്യത്തിന്റെ താത്പര്യം കേന്ദ്ര സര്‍ക്കാര്‍ മാനിച്ചില്ലെന്നും 1972-ലെ ഷിംല കരാറിന്റെ ലംഘനമാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ദുര്‍ബലമായ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ അവകാശംവാദം തള്ളിയതുകൊണ്ട് കാര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എന്തൊക്കെയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കാന്‍ മോദി തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു.

രണ്ടാഴ്ച മുന്‍പ് മോദിയുമായി നടത്തിയ സംഭാഷണത്തില്‍ കശ്മീര്‍ വിഷയം കടന്നുവന്നിരുന്നുവെന്നും അന്നാണ് മോദി തന്നോട് മധ്യസ്ഥനാകാന്‍ കഴിയുമോ എന്ന് ചോദിച്ചതെന്നുമായിരുന്നു ട്രംപിന്റെ വാദം.

എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top