കശ്മീര്‍ വിഷയം; കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

supreame court

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ ഇടപെടാതെ സുപ്രീംകോടതി. കശ്മീരില്‍ സാധാരണ ജീവിതം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കുറച്ചു സമയം കൊടുക്കണമെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റീസ് അരുണ്‍ മിശ്ര, ജസ്റ്റീസ് എ.ആര്‍. ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നടപടി.

ദിനംപ്രതി ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാരെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനാഞ്ജ ചോദ്യം ചെയ്ത് കൊണ്ട് രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പൂനെവാല സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് മേലുള്ള സമ്പൂര്‍ണ്ണ നിരോധനം അംഗീകരിക്കാനാവില്ലെന്നും സ്‌കൂളുകളും, ആശുപത്രികളും, പൊലീസ് സ്റ്റേഷനുകളുമെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സമാധാനാന്തരീക്ഷം നിലനിര്‍ത്താനായിരിക്കാം നിരോധനാഞ്ജ പ്രഖ്യാപിക്കപ്പെട്ടതെന്ന് അംഗീകരിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര,എത്രനാള്‍ കശ്മീരിൽ നിലവിലെ സാഹചര്യം തുടരുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ആരാഞ്ഞു. രണ്ടാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Top