kashmir issue; Rajnath singh statement

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയിലെ മുസ്‌ലിങ്ങളെ കുറിച്ച് പാകിസ്താന്‍ വേവലാതിപ്പെടേണ്ട.

ഇന്ത്യയെ ശിഥിലീകരിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. തീക്കൊള്ളികൊണ്ട് പാകിസ്താന്‍ തലചൊറിയുകയാണ് രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.

കാശ്മീരില്‍ സെന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ മുസഫര്‍ വാനി ഭീകരന്‍ തന്നെയെന്ന് രാജ്‌നാഥ്‌സിങ് ലോക്‌സഭയില്‍ പറഞ്ഞു.

വാനി ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനാണെന്നും ഇയാള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചിരുന്നുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

പാകിസ്താനെതിരെ രൂക്ഷ വിമര്‍ശമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ചത്. കശ്മീര്‍ സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്താനാണെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ സ്വന്തം രാജ്യം ശക്തിപ്പെടുത്തുന്നതിന് പകരം ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പാകിസ്താന്റെ ശ്രമങ്ങള്‍ ഇന്ത്യ വിഫലമാക്കുകയാണ്. കാശ്മീരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതില്‍ എല്ലാ സര്‍ക്കാരുകളും പങ്കുവഹിച്ചിട്ടുണ്ട്. കശ്മീരില്‍ സൈന്യം പരമാവധി സംയമനം പുലര്‍ത്തുന്നുണ്ട്. പെല്ലറ്റ് ഗണ്‍ ഉപയോഗം സംബന്ധിച്ച് പുനഃപരിശോധന നടത്തും. ഇതിനായി സൈന്യത്തിന്റെ പ്രത്യേക സമിതിയെ നിയോഗിക്കും.

വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷമുണ്ടായത്. വാനിയെ രക്തസാക്ഷിയെന്നാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിശേഷിപ്പിച്ചത്.

അതേസമയം, പാകിസ്താനുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top