കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍; ആഗോളതലത്തില്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിയ പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിച്ചപ്പോള്‍ ആരും പിന്തുണച്ചില്ലെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു.

”രക്ഷാസമിതി അംഗങ്ങള്‍ പൂക്കളുമായല്ല നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവരിലൊരാള്‍ തടസ്സമായി തീരാം അതുകൊണ്ട് അവര്‍ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയേണ്ടതില്ല”- എന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പത്രസമ്മേളനത്തില്‍ പറഞ്ഞത്.

നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ താതാപര്യങ്ങളുണ്ട്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങള്‍ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു.

മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ അവര്‍ക്കും ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങളുണ്ട്. അവര്‍ക്കെല്ലാം ഇന്ത്യയില്‍ അവരുടേതായ താത്പര്യങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിയ പാക്കിസ്ഥാനെ യു.എന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പിന്തുണച്ചില്ല. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യ സ്വീകരിച്ച നിലപാട്. അമേരിക്കയും ഇന്ത്യയെ പിന്തുണച്ചു കൊണ്ടുള്ള നിലപാടായിരുന്നു എടുത്തത്.

മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടാണ് സ്വീകരിച്ചത്.

Top