മൂന്നാമത് ഒരാള്‍ കാശ്മീര്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ല, അനുവദിക്കില്ല : ഇന്ത്യ

flag

ജനീവ: ഐക്യരാഷ്ട്രസഭയില്‍ പാക്കിസ്ഥാന്റെ ആരോപണങ്ങളെ പൊളിച്ചടുക്കി ഇന്ത്യ. കശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിനെതിരെയാണ് യുഎന്നിലെ ഇന്ത്യന്‍ സെക്രട്ടറി മിനി ദേവി കുമാം പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

“പരാജിതരുടെ ഉപദേശം കേള്‍ക്കേണ്ട കാര്യം ഇന്ത്യയ്ക്കില്ലെന്നും, മൂന്നാമതൊരാള്‍ക്ക് കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാനുള്ള അധികാരം ഇല്ലെന്നും” കുമാം തുറന്നടിച്ചു. അതേസമയം, കൊല്ലപ്പെട്ട അല്‍ ഖൊയ്ത തലവന്‍ ഒസാമ ബിന്‍ ലാദന്‍, മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാര്‍ എന്നിവരെല്ലാം പാക്ക് മണ്ണില്‍ സ്വതന്ത്ര വിഹാരം നടത്തിയവരാണെന്നും ഇന്ത്യ വിമര്‍ശിച്ചു.

മനുഷ്യാവകാശങ്ങളും ജനാധിപത്യവും താറടിക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ ഉപദേശം ഈ ലോകത്തിന് ആവശ്യമില്ല. ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായ ഭീകരവാദത്തെയും അതിന് നേതൃത്വം നല്‍കുന്ന ഭീകരരെയും സ്വന്തം മണ്ണില്‍ നട്ടു വളര്‍ത്തുന്ന രാജ്യമാണോ മനുഷ്യാവകാശ ലംഘനത്തിനെതിരെ വാദിക്കുന്നത് എന്നും ഇന്ത്യ ചോദിച്ചു.

മുംബൈ, ഉറി ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നേരെ പാക്കിസ്ഥാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നറിയാന്‍ ഇപ്പോഴും ഇന്ത്യ കാത്തിരിക്കുകയാണ്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും മുന്‍ പാക് പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ബൂട്ടോയും തമ്മില്‍ ഒപ്പു വച്ച 1972-ലെ ഷിംല കരാറില്‍ കാശ്മീര്‍ വിഷയം സംബന്ധിച്ച് വ്യക്തമായി തീരുമാനമെടുത്തിട്ടുള്ളതാണെന്നും, മൂന്നാമതൊരാള്‍ക്ക് അതില്‍ ഇടപെടാനുള്ള അധികാരം ഇല്ലെന്നും പ്രത്യേകം നിഷകര്‍ഷിച്ചിട്ടുള്ളതായി ഇന്ത്യ യുഎന്നിലെ വാര്‍ഷിക സമ്മേളനത്തില്‍ വ്യക്തമാക്കി.

കാശ്മീരിലെ യഥാര്‍ത്ഥ പ്രശ്‌നം വളര്‍ന്നു വരുന്ന ഭീകരവാദമാണെന്നും, അതിന് ചുക്കാന്‍ പിടിക്കുന്നത് പാകിസ്ഥാനാണെന്നും ദേവി കുമാം വിമര്‍ശിച്ചു.

Top