ട്രംപ് ഇട്ട ‘ബോംബിൽ’ കുലുങ്ങി രാജ്യം, അമേരിക്ക വിശ്വസിക്കാൻ പറ്റാത്ത രാജ്യം

രു കാലത്തും ഇന്ത്യക്ക് വിശ്വസിക്കാന്‍ പറ്റാത്ത രാജ്യമാണ് അമേരിക്ക. അതിപ്പോള്‍ ആ രാജ്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന നിലപാടില്‍ നിന്നും വ്യക്തമാകുന്നത് അതു തന്നെയാണ്. മോദി തന്റെ മധ്യസ്ഥത തേടിയെന്ന ട്രംപിന്റെ വാദം ഇന്ത്യ തള്ളിയിട്ടുണ്ട്. ട്രംപിനോട് മധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആണ് വ്യക്തമാക്കിയിരിക്കുന്നത്.

പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകള്‍ക്കും ഷിംല, ലഹോര്‍ കരാറുകളാണ് ഇന്ത്യ അടിസ്ഥാനമാക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കണമെങ്കില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിശദീകരണത്തിലൊന്നും തൃപ്തിയാകാതെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്.

മധ്യസ്ഥത എന്ന വാക്ക് വിഴുങ്ങി സഹായമാണ് മോദി ആവശ്യപ്പെട്ടതെന്ന് അമേരിക്ക തിരുത്തിയിട്ടുണ്ടെങ്കിലും വിവാദം തുടരുകയാണ്. കാരണം മധ്യസ്ഥത മാത്രമല്ല സഹായവും ഇന്ത്യ ഒരു രാജ്യത്തോടും കശ്മീര്‍ വിഷയത്തില്‍ തേടുകയില്ല. അതാണ് പ്രഖ്യാപിത നയം. പ്രധാനമന്ത്രിയെ പ്രതിപക്ഷം പ്രതിക്കൂട്ടിലാക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കില്‍ അടുത്ത് തന്നെ നടത്താനിരിക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിന്നും മോദി പിന്‍മാറുകയാണ് വേണ്ടത്. കശ്മീര്‍ വിഷയത്തില്‍ മൂന്നാമത് ഒരു രാജ്യം ഇടപെടേണ്ടതില്ലെന്നതാണ് പരമ്പരാഗതമായി ഇന്ത്യ സ്വീകരിച്ചു വരുന്ന നിലപാട്. ഈ നിലപാടില്‍ ആര് മാറ്റം വരുത്തിയാലും അത് രാജ്യ താല്‍പര്യത്തിനെതിരായ നിലപാടാണ്.

കശ്മീര്‍ ഇന്ത്യയെ സംബന്ധിച്ച് അവിഭാജ്യ ഘടകമാണ്. പാക്ക് അധീന കശ്മീര്‍ കൂടി ഇന്ത്യക്ക് വിട്ടു നല്‍കാനാണ് അമേരിക്ക പാക്കിസ്ഥാനെ ഉപദേശിക്കേണ്ടത്. അല്ലാതെ ‘ഹിഡന്‍ അജണ്ട’നടപ്പാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. പാക്ക് പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന കാര്യത്തില്‍ കാട്ടിയ തണുപ്പന്‍ നിലപാടല്ല ചര്‍ച്ചയില്‍ ട്രംപ് സ്വീകരിച്ചത്. വലിയ സാമ്പത്തിക സഹായങ്ങളാണ് അമേരിക്ക പാക്കിസ്ഥാന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്.

ഭീകരരെ പിന്തുണക്കുന്ന ഒരു രാജ്യത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുക വഴി അമേരിക്ക ഇന്ത്യയെയാണ് വഞ്ചിച്ചിരിക്കുന്നത്. ഇനിയും അമേരിക്കയോട് അനുഭാവത്തോടെ പെരുമാറുന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരിക്കലും ഗുണകരമായിരിക്കുകയില്ല.

അമേരിക്കന്‍ താല്‍പ്പര്യത്തിന് വഴങ്ങി ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് വെട്ടിക്കുറച്ച നടപടി ഉടന്‍ തന്നെ റദ്ദാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇന്ത്യയുടെ അടുത്ത സുഹൃത്താണ് ഇറാന്‍. ഇത്രയും വില കുറച്ച് എണ്ണ മറ്റൊരു രാജ്യവും നമുക്ക് തരുന്നുമില്ല. മാത്രമല്ല പാക്കിസ്ഥാന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതും ഇറാനാണ്. ഛബ്ബാര്‍ തുറമുഖം പോലും ഇന്ത്യക്ക് വിട്ടു നല്‍കാന്‍ തയ്യാറായ രാജ്യമാണ് ഇറാന്‍. അക്കാര്യവും ഭരണകൂടം മറക്കരുത്.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരുടെ കാര്യത്തില്‍ ബ്രിട്ടന്‍ പോലും ആശങ്കപ്പെടാത്തത് അതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാര്‍ ആയതു കൊണ്ടാണ്. കാരണം ഒരു ഇന്ത്യക്കാരനെയും ഇറാന്‍ ഉപദ്രവിക്കില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന രാജ്യമാണ് ബ്രിട്ടണ്‍. അമേരിക്കക്ക് വേണ്ടി ഇറാന്‍ എന്ന സുഹൃത്തിനെ നഷ്ടപ്പെടുത്താനുള്ള സാഹചര്യം ഇന്ത്യ ഒരിക്കലും ഇനി സൃഷ്ടിക്കരുത്. എക്കാലത്തും ഇന്ത്യക്ക് ഉറച്ച് വിശ്വസിക്കാന്‍ പറ്റാവുന്ന സുഹൃത്തുക്കള്‍ റഷ്യയും ഫ്രാന്‍സും ഇറാനും മാത്രമാണ്.

ലോകത്തെ ഏറ്റവും വലിയ വിപണികളില്‍ പ്രധാനിയായ ഇന്ത്യയെ കച്ചവടക്കണ്ണോടെ മാത്രമാണ് അമേരിക്ക കണ്ടിരുന്നത്. ആത്യന്തികമായി ഇന്ത്യ കരുത്താര്‍ജിക്കുന്നത് ഈ സാമ്രാജ്വത്വ രാഷ്ട്രം ഇഷ്ടപ്പെടുന്നില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴത്തെ അമേരിക്കന്‍ നിലപാടിലൂടെ വ്യക്തമാകുന്നതും അതുതന്നെയാണ്. ഇന്ത്യ 40,000 കോടിയുടെ മിസൈല്‍ പ്രതിരോധ ഇടപാട് റഷ്യയുമായി നടത്തുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച രാജ്യമാണ് അമേരിക്ക.

അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളെ പോലും ചാരമാക്കാനുള്ള ശേഷിയുള്ള ആയുധമാണ് എസ്- 400 ട്രയംഫ്. ലോകത്തിലെ വലിയ ആയുധ വിപണികളിലൊന്നായ ഇന്ത്യയുമായുള്ള കച്ചവടമാണ് ഇതോടെ അമേരിക്കക്ക് നഷ്ടമായിരിക്കുന്നത്. എസ്- 400 മിസൈല്‍ പ്രതിരോധ സംവിധാനം വരുന്നതോടെ പാക്കിസ്ഥാനു മേല്‍ ഇന്ത്യ അപ്രമാദിത്യം നേടുന്നത് അമേരിക്ക ഒരിക്കലും ആഗ്രഹിക്കുന്നില്ല.

മാത്രമല്ല ദക്ഷിണേഷ്യയില്‍ ഇന്ത്യ അജയ്യരാകാനുള്ള ചുവടുവയ്പായി ഇതു മാറുകയും ചെയ്യും. അമേരിക്കയുടെ കരുത്തുള്ള പോര്‍വിമാനങ്ങളായ എഫ്- 16 എഫ്- 35 എന്നിവയടക്കമുള്ളവയെ ഭസ്മമാക്കാനും ഇനി ഇന്ത്യക്കു സാധിക്കും. നിലവില്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത് അമേരിക്കയില്‍ നിന്നു വാങ്ങിയ പോര്‍വിമാനങ്ങളാണ്.

റഷ്യ വികസിപ്പിച്ച ഏറ്റവും കരുത്തുറ്റ ആകാശ പ്രതിരോധ സംവിധാനമാണ് ട്രയംഫ്. ശത്രുവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ഇതിനു ശേഷിയുണ്ട്. 400 കിലോമീറ്റര്‍ പരിധിയില്‍ ആകാശ പ്രതിരോധവും ഉറപ്പാക്കും. 2007ലാണ് ഈ മിസൈല്‍ റഷ്യ വികസിപ്പിച്ചത്. 2014ല്‍ ചൈന സ്വന്തമാക്കി. മിസൈല്‍ സംവിധാനം വാങ്ങുന്നതിനായി 2016ല്‍ ഇന്ത്യ റഷ്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമായ എസ്- 400 ട്രയംഫിന് ചൈനീസ് മിസൈലുകളെ വരെ തകര്‍ക്കാന്‍ ശേഷിയുണ്ട്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാന്‍ കഴിയാത്ത ടെക്‌നോളജിയാണ് ഈ മിസൈലില്‍ റഷ്യ ഉപയോഗിച്ചിരിക്കുന്നത്.

അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി- 3 സംവിധാനത്തേക്കാള്‍ എത്രയോ മുകളിലാണ് റഷ്യയുടെ എസ്- 400 ട്രയംഫ് എന്നാണ് ടെക് വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫന്‍സ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്- 400 ട്രയംഫ്. പാട്രിയറ്റില്‍ നിന്ന് ചെരിച്ചാണ് മിസൈലുകള്‍ വിക്ഷേപിക്കുന്നത്. എന്നാല്‍ എസ്- 400 ല്‍ നിന്ന് ലംബമായാണ് മിസൈല്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്- 400ന്റെ പ്രധാന ശക്തിയും.

മറ്റ് ലോകശക്തികള്‍ക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്- 400 ട്രയംഫ്. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ. ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്ന ഈ കരാറിനെ പ്രതിരോധ രംഗത്തെ വിദഗ്ധരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഇന്ത്യ- റഷ്യ ബന്ധത്തിന് ശക്തി പകരുന്ന മറ്റൊരു നടപടി കൂടി ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാന്‍ റഷ്യയില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന 50,000 എ.കെ സീരീസിലെ അസോള്‍ട്ട് തോക്കുകള്‍ ഇനി അവര്‍ക്ക് കിട്ടാന്‍ പോകുന്നില്ല. കരാറില്‍ നിന്നും റഷ്യ പിന്‍മാറിക്കഴിഞ്ഞു. പാക്കിസ്ഥാനെ സംബന്ധിച്ച് ഓര്‍ക്കാപ്പുറത്തുള്ള വലിയ തിരിച്ചടിയാണിത്. റഷ്യയില്‍ നിന്നും പാക്കിസ്ഥാന്‍ വാങ്ങുന്ന തോക്കുകള്‍ ഭീകരര്‍ക്ക് ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ഇന്ത്യ നടത്തിയ നീക്കമാണ് ഇവിടെ ഫലം കണ്ടിരിക്കുന്നത്.

എ.കെ 47ന്റെ ചൈനീസ് മോഡലായ എ.കെ- 56ന് സമാനമായ തോക്കുകള്‍ പാക്ക് ഭീകരരില്‍ നിന്നും ഇന്ത്യ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയോട് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നത്. ഇന്ത്യയുടെ താല്‍പര്യത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്ന പ്രഖ്യാപനമാണ് ഇടപാട് റദ്ദാക്കിയതിലൂടെ റഷ്യ നടത്തിയിരിക്കുന്നത്.

റഷ്യ മുഖം തിരിച്ചതോടെയാണ് അമേരിക്കയുമായി അടുക്കാന്‍ പാക്കിസ്ഥാന്‍ തീവ്രശ്രമം നടത്തിയത്. അതിനാണിപ്പോള്‍ ട്രംപ് കൈ കൊടുത്തിരിക്കുന്നത്. ഭീകരതയ്ക്കെതിരായ അമേരിക്കന്‍ നീക്കത്തിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണിത്.

Staff Reporter

Top