കശ്മീര്‍ താഴ്വര ശാന്തം; അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ യാതൊരു അനിഷ്ട സംഭവങ്ങളും നടന്നിട്ടില്ലെന്നും, അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍.

ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സികളില്‍ ഒന്നായ റോയിട്ടേഴ്‌സാണ് 370 റദ്ദാക്കിയതിന് ശേഷമുള്ള കശ്മീരിലെ പ്രക്ഷോഭ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 10,000 പേര്‍ ഇന്ത്യന്‍ സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും പ്രക്ഷോഭത്തില്‍ കഷ്ടിച്ച് 20 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയ പശ്ചാത്തലത്തിലാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച ശ്രീനഗറില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധറാലി നടന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. പ്രതിഷേധ റാലിക്കിടെ കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും ലാത്തിവീശുന്നതും ബിബിസി പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ബിബിസിയുടെ റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ പാടെ തള്ളി.

ഇതേ ദിവസം, അന്താരാഷ്ട്ര മാധ്യമങ്ങളായ അല്‍ ജസീറയും, വാഷിംഗ്ടണ്‍ പോസ്റ്റും കശ്മീരിലെ പ്രക്ഷോഭ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ 14 കാരിയായ കശ്മീരി പെണ്‍കുട്ടി അഷ്ഫാന ഫാറൂഖ് പ്രക്ഷോഭകര്‍ക്കുനേരെ ഇന്ത്യന്‍ സൈന്യം വെടിവച്ചെന്നും താനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും പറഞ്ഞു.

എന്നാല്‍ അന്താരാഷ്ട്രമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും കശ്മീര്‍ താഴ്വര ശാന്തമാണന്നും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് ആഗസ്റ്റ് 10ന് ജമ്മു പൊലീസ് ട്വീറ്റ് ചെയ്തു.

അതേസമയം, കശ്മീരിലെ ഇന്‍റര്‍നെറ്റ് ബന്ധവും മറ്റ് ആശയവിനിമയ ബന്ധങ്ങളും സര്‍ക്കാര്‍ വിച്ഛേദിക്കുകയും നിരോധനാഞ്ജ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

Top