കശ്മീരിലെ ഭീകരാന്തരീക്ഷം ജനജീവിതത്തെ ദുര്‍ബ്ബലപ്പെടുത്തുന്നു; സര്‍ക്കാര്‍ പരാജയം

ശ്രീനഗര്‍: കശ്മീര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏറ്റവും മോശമായ രീതിയിലാണ് ഇത്തവണ നടക്കുന്നത്. താഴ്വാരത്തില്‍ ആദ്യഘട്ടത്തില്‍ 8.2ശതമാനവും രണ്ടാംഘട്ടത്തില്‍ 3.3 ശതമാനവുമാണ് വോട്ടെടുപ്പ് നടന്നത്. പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികള്‍ പോലും ഉണ്ടായിരുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട വിവരം.

വിവിധ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചു. മുന്‍ ഡിജിപിയും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സാഹചര്യമല്ല നിലവിലുള്ളതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജമ്മു കശ്മീരില്‍ നിലവിലുള്ള നാല് പാര്‍ട്ടികളില്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചത് ബിജെപിയ്ക്ക് അനുകൂലമായി. എന്നാല്‍ നയപരമായ തീരുമാനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. തെരഞ്ഞടുപ്പ് പ്രചരണങ്ങളോ റാലികളോ എന്തിന്, സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയുള്ള ഒരു പോസ്റ്റര്‍ പോലുമില്ലാതെയാണ് ഇത്തവണ വിവിധ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയത്.

ബിജെപി എന്ന ഒറ്റ പാര്‍ട്ടിയിലേയ്ക്കും അധികാരത്തിലേയ്ക്കും കശ്മീര്‍ മാറുന്നു എന്ന കാഴ്ചയാണ് നിലവിലെ സാഹചര്യം നല്‍കുന്ന സൂചന. സംസംസ്ഥാനത്ത് രാഷ്ട്രീയമായ പരിഹാരം ഉണ്ടാക്കാന്‍ അടല്‍ ബിഹാരി വാജ്‌പേയി നേരത്തെ ശ്രമിച്ചിരുന്നു. പാക്കിസ്ഥാനുമായി വിവിധ ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ശ്രമം നടത്തിയിരുന്നു. പ്രസിഡന്റ് പര്‍വേഷ് മുഷറഫിനെ ചര്‍ച്ചകള്‍ക്കായി ആഗ്രയിലേയ്ക്ക് വിളിച്ചു. എന്നാല്‍ ശ്രമങ്ങളെല്ലാം പാഴായി. സുരക്ഷാ പ്രശ്‌നങ്ങളും പാര്‍ട്ടിയില്‍ നിന്നുണ്ടായ ചില തിരിച്ചടികളുമാണ് ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത്.

നരേന്ദ്ര മോദി സര്‍ക്കാരും ഇക്കാര്യത്തില്‍ വലിയ പരാജയം ഏറ്റുവാങ്ങി എന്നാണ് അടിക്കടിയുണ്ടാകുന്ന നുഴഞ്ഞു കയറ്റ ഭീഷണികള്‍ വ്യക്തമാക്കുന്നത്. മസില്‍ പവ്വറും ആയുധങ്ങള്‍ ഉപയോഗിച്ചും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അടിച്ചമര്‍ത്തുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ചെയ്തത്. ഇത് യുവാക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സംസ്ഥാനത്തെ ആഭ്യന്തര പ്രതിഷേധങ്ങള്‍ പോലും ഇത്തരത്തിലാണ് സര്‍ക്കാര്‍ നേരിട്ടത്. എന്നാല്‍ ഇവ വേണ്ട വിധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷവും അതിര്‍ത്തിയിലെ നുഴഞ്ഞു കയറ്റം അതി ശക്തമായി തുടരുകയാണ്. 2015- 121, 2016- 371, 2017- 406 നുഴഞ്ഞു കയറ്റങ്ങളാണ് അതിര്‍ത്തിയില്‍ ഉണ്ടായത്. നഗ്രോട്ട (2016), കുല്‍ഗാം, പുല്‍വാമ (2017), ഷോപിയാന്‍ (2018) എന്നിവിടങ്ങളില്‍ നിരവധി ഏറ്റുമുട്ടലുകളും നടന്നു കൊണ്ടിരിക്കുകയാണ്.

നിരവധി ചെറുപ്പക്കാരാണ് ഓരോവര്‍ഷവും തീവ്രസംഘങ്ങളില്‍ പുതുതായി ചേരുന്നത്. ഒരു ദേശീയ മാധ്യമത്തിന്റെ ഓഗസ്റ്റ് 27, 2018 ല്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് 126 പേരാണ് 2017ല്‍ കശ്മീരില്‍ നിന്ന് തീവ്രവാദ സംഘത്തില്‍ ചേര്‍ന്നത്. 2018ല്‍ ഇത് 131 പേരായി വര്‍ദ്ധിച്ചു.

വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനം വളരെ പിന്നിലേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 6.93 ശതമാനം കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു എന്ന കണക്ക് 10.3 ശതമാനമായി വര്‍ദ്ധിച്ചു. ആരോഗ്യ മേഖലയും വന്‍ തിരിച്ചടിയാണ് നേരിടുന്നത്. 1552 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന കണക്ക് ഇപ്പോള്‍ ഒരാള്‍ക്ക് 1880 പേര്‍ എന്നായി വര്‍ദ്ധിച്ചു. വെറും 65 കോടി രൂപയുടെ സ്വകാര്യ പദ്ധതികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് പ്രഖ്യാപിച്ചത്.

Top