സ്വപ്നത്തിൽ പോലും പാക്കിസ്ഥാൻ ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചില്ല

ന്യൂഡല്‍ഹി: പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ പലവട്ടം ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും അതിര്‍ത്തി കടന്ന് 50 മൈല്‍ സഞ്ചരിച്ച് ഒരു ആക്രമണം നടത്തുന്നത് 47 വര്‍ഷത്തിന് ശേഷം ഇത് ആദ്യമാണ്.

പാക്കിസ്ഥാന്റെ നെഞ്ചിലാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ ബോംബ് വര്‍ഷിച്ചത്. അതും ആയിരം കിലോ. പാക്കിസ്ഥാന്റെ സകല പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തെറിഞ്ഞ ആക്രമണമാണ് ഇന്ത്യന്‍ വ്യാമസേന നടത്തിയത്. അവരുടെ റഡാറുകളും വിമാനവേധ തോക്കുകളും എല്ലാം നോക്കുകുത്തിയായി മാറി.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടന്ന് 12ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത തിരിച്ചടിയാണ് പാക്കിസ്ഥാന് ഇന്ത്യ നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയത് ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു.

മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. 500 നും 600നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്. അനവധി പാക്ക് സെനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. നിരവധി കെട്ടിടങ്ങളും ആയുധകേന്ദ്രങ്ങളും പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരും. വ്യോമസേനയെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ആക്രമണ വിവരം പുറത്തു വിട്ടത്.

മുന്‍പ് ബിന്‍ ലാദന്‍ ഒളിച്ചിരുന്ന പ്രദേശത്തിന് സമീപത്തെ പ്രദേശങ്ങളിലായിരുന്നു ആക്രമണം. സിംല കരാറിന് 47വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇന്ത്യ അതിര്‍ത്തി ലംഘിച്ച് പാക്ക് മണ്ണില്‍ ആക്രമണം നടത്തിയത്. പാക്കിസ്ഥാന്റെ ഉള്ളിലേക്ക് ആക്രമണത്തിലൂടെ നടത്താന്‍ കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇന്ത്യന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായായിരുന്നു ഇന്നത്തെ ആക്രമണത്തില്‍ ഇന്ത്യ മറുപടി നല്‍കിയത്. 21മിനിറ്റ് നീണ്ട ആക്രമണമായിരുന്നു പാക്ക് മണ്ണില്‍ ഇന്ത്യന്‍ സൈന്യം നടത്തിയത്.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെന്നും ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ത്തെന്നും വിമാനങ്ങള്‍ നിയന്ത്രണരേഖ കടന്ന് മുസാഫര്‍ബാദ് മേഖലയില്‍ എത്തിയെന്നും ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ അവകാശവാദം മറുപടി അര്‍ഹിക്കുന്നതല്ലെന്നാണ് സൈനിക വൃത്തങ്ങളുടെ മറുപടി.

Top