ആക്രമിക്കാന്‍ പാക്ക് തയ്യാറെടുപ്പുകള്‍ . . . ‘വിനാശകാലേ വിപരീത ബുദ്ധി’യാകും

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈന്യവും നേരിടുന്നത് വലിയ പ്രതിസന്ധി. ജമ്മു കശ്മീരിലെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ ഇന്ത്യയുടെ നിലപാടാണ് ഇവരെ വെട്ടിലാക്കിയിരിക്കുന്നത്. സൈന്യത്തിലും ജനങ്ങളിലും വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മറു തന്ത്രമാണ് ഇമ്രാനും സൈനിക നേതൃത്വവുമിപ്പോള്‍ പയറ്റുന്നത്.

ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ വന്‍ തോതിലുള്ള സൈനിക വിന്യാസമാണ് പാക്കിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭീകരരെ മുന്‍ നിര്‍ത്തി കശ്മീരില്‍ ആക്രമണം നടത്തുകയും ഇന്ത്യക്കെതിരെ സൈനികമായ നടപടി സ്വീകരിക്കലുമാണ് ലക്ഷ്യം. അവിവേകമാണ് പാക്ക് സൈന്യം ഇപ്പോള്‍ കാട്ടുന്നതെന്ന മുന്നറിയിപ്പൊന്നും ആ രാജ്യം ഇപ്പോള്‍ പരിഗണിക്കുന്നേയില്ല.

ഐ.എസ്.ഐയുടെയും പാക്ക് സൈനിക മേധാവിയുടെയും കയ്യിലെ പാവയായാണ് ഇമ്രാന്‍ ഖാന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അതേ സമയം അതിര്‍ത്തിയിലെ പാക്ക് തയ്യാറെടുപ്പിനെ അതേ രൂപത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കാന്‍ മൂന്ന് സേനാ വിഭാഗത്തിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ലഡാക്കിന് സമീപമുള്ള പാക്കിസ്ഥാന്റെ ഫോര്‍വേര്‍ഡ് ബേസായ സ്‌കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളുമാണ് പാക്കിസ്ഥാന്‍ വിന്യസിക്കുന്നത്. പാക് വ്യോമസേനയുടെ മൂന്ന് സി- 130 ചരക്ക് വിമാനത്തില്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും അടക്കം എത്തിച്ചതായി ഇന്ത്യന്‍ ഏജന്‍സികള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്.

യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള സൈനിക നീക്കങ്ങളെ സഹായിക്കാനുള്ള ഉപകരണങ്ങള്‍ അടക്കമുള്ളവയാണ് സ്‌കര്‍ദു ബേസിലേക്ക് പാക്കിസ്ഥാന്‍ എത്തിച്ചിരിക്കുന്നത്. ഇവിടേക്ക് ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച ജെ.എഫ്- 17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൈന്യം കരുതുന്നത്. പാക്ക് വ്യോമസേനയുടെ നീക്കങ്ങള്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണ്.

പ്രദേശത്ത് സൈനിക അഭ്യാസത്തിന് പാക്കിസ്ഥാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. പാക്ക് സൈനിക നീക്കങ്ങളെ സഹായിക്കുന്നതിനായുള്ള പാക്ക് വ്യോമസേനയുടെ ഫോര്‍വേഡ് ബേസാണ് സ്‌കര്‍ദു.

ഇന്ത്യയുമായി ഒരു സംഘര്‍ഷത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ പോയാല്‍ അവര്‍ക്ക് പാക്ക് അധീന കശ്മീര്‍ പോലും നഷ്ടമായേക്കും എന്ന ആശങ്ക ചൈനയ്ക്കുമുണ്ട്. ഇക്കാര്യം പാക്ക് ഭരണകൂടത്തെ ചൈന അറിയിച്ചിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ എതിര്‍ത്തെങ്കിലും ചൈനയുടെ പ്രതിഷേധം ദുര്‍ബലമായിരുന്നു. റഷ്യ ശക്തമായി ഇന്ത്യയെ പിന്തുണച്ച് രംഗത്ത് വന്നതാണ് ചൈനയെ പിറകോട്ടടിപ്പിച്ചിരുന്നത്.

അമേരിക്കക്കെതിരെ റഷ്യയുമായി ചേര്‍ന്നാണ് ചൈന നിലവില്‍ പ്രതിരോധമുയര്‍ത്തുന്നത്. ഉത്തര കൊറിയ- ഇറാന്‍ വിഷയങ്ങളില്‍ രണ്ടു രാജ്യങ്ങള്‍ക്കും സമാനമായ നിലപാടാണുള്ളത്. റഷ്യയും ഇറാനും ഇന്ത്യയുടെ ആത്മമിത്രങ്ങളായതിനാല്‍ മുന്‍പത്തെ പോലെ കടുത്ത പാക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ ചൈനക്ക് കഴിയുകയില്ല. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതിലും ശക്തമായ എതിര്‍പ്പ് ചൈനക്കുണ്ട്. പാക്ക് അധീന കശ്മീര്‍ വഴി പോകുന്ന സാമ്പത്തിക ഇടനാഴിയുടെ ഭാവിയിലും ചൈന ആശങ്കയിലാണ്.

പാക്ക് പ്രകോപനം ചോദിച്ച് വാങ്ങിയ ശേഷം തിരിച്ചടിച്ച് പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നാണ് ചൈന കരുതുന്നത്. സൈനികമായ സഹായം ഇന്ത്യക്കെതിരെ നിലവില്‍ നല്‍കാന്‍ കഴിയില്ലെന്ന സൂചനയും പാക്കിസ്ഥാന് ചൈന നല്‍കിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ഏത് നീക്കത്തിനെതിരെയും റഷ്യ രംഗത്ത് വരുമെന്നാണ് ചൈനീസ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.

ഇതിനിടെ റിലയന്‍സ് ഗ്രൂപ്പുമായി സൗദി അരാംകോ കരാറിലൊപ്പിട്ടതും പാക്കിസ്ഥാന് തിരിച്ചടിയായിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പിന്തുണ നേടാന്‍ ശ്രമിച്ചുവരുന്നതിനിടെ ഇന്ത്യന്‍ കമ്പനിയുമായി അരാംകോ കരാറൊപ്പിട്ടതില്‍ പാക്ക് സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്.

“സഹോദരങ്ങള്‍ ഒരിക്കലും പിന്നില്‍നിന്ന് കുത്തുകയോ ശത്രുക്കളുമായി കൈകോര്‍ക്കുകയോ ഇല്ല, സൗദിയെക്കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു”- കരാറിനെക്കുറിച്ച് ഒരു പാക്ക് പൗരന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെയായിരുന്നു. ഇന്ത്യന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുന്നതിനു മുന്‍പ് സൗദിക്ക് ഒന്നുകൂടി ചിന്തിക്കാമായിരുന്നെന്നും ആര്‍ക്കും മതവികാരമോ സാഹോദര്യമോ ഇല്ല പകരം കച്ചവടം മാത്രമാണ് ലക്ഷ്യമെന്നും മറ്റു ചിലരും ആരോപിക്കുന്നു.

റിലയന്‍സിന്റെ 20 ശതമാനം ഓഹരികള്‍ സൗദി അരാംകോയ്ക്കു വില്‍ക്കുകയാണെന്ന് തിങ്കളാഴ്ചയാണ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലകള്‍ക്ക് അരാംകോ ദിവസം അഞ്ചുലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ സംബന്ധിച്ച് അപ്രതീക്ഷിത പ്രഹരമായിരുന്നു ഇത്.

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിച്ചപ്പോള്‍ ആരും പിന്തുണച്ചില്ലെന്നാണ് അദ്ദേഹം വിലപിക്കുന്നത്.

“രക്ഷാസമിതി അംഗങ്ങള്‍ പൂക്കളുമായല്ല നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവരിലൊരാള്‍ തടസ്സമായി തീരാം അതുകൊണ്ട് അവര്‍ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയേണ്ടതില്ല”- ഇതായിരുന്നു പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പത്രസമ്മേളനത്തില്‍ ഉപയോഗിച്ച വാക്കുകള്‍.

നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ താതാപര്യങ്ങളുണ്ട്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങള്‍ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ അവര്‍ക്കും ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങളുണ്ട്. അവര്‍ക്കെല്ലാം ഇന്ത്യയില്‍ അവരുടേതായ താത്പര്യങ്ങളുണ്ടെന്നും ഖുറേഷി പറഞ്ഞു.

കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിയ പാക്കിസ്ഥാനെ യു.എന്‍ രക്ഷാസമിതി അംഗങ്ങളും ഇസ്ലാമിക രാജ്യങ്ങളും പിന്തുണയ്ക്കാത്തതിലുള്ള സങ്കടമാണ് പാക്ക് വിദേശകാര്യ മന്ത്രി പരസ്യമായി തുറന്നു പറഞ്ഞിരിക്കുന്നത്. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യ സ്വീകരിച്ച നിലപാട്. അമേരിക്കയും ഇന്ത്യയെ പിന്തുണച്ചു കൊണ്ടുള്ള നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.അറബ് രാജ്യങ്ങളുടെ പിന്തുണ പോലുമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ട പാക്കിസ്ഥാന്‍ ഇനി അവിവേകം കാട്ടിയാല്‍ അത് അവരുടെ അവസാനത്തിന്റെ ആരംഭമായാണ് മാറുക. അക്കാര്യം ഉറപ്പാണ്.

Staff Reporter

Top