കശ്മീരില്‍ മഞ്ഞുരുകുന്നു; പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ

sushama swaraj

ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ വഴിതെളിയുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്തിന് ഇന്ത്യ സമ്മതം അറിയിച്ചു. ന്യൂയോര്‍ക്കില്‍ അടുത്തയാഴ്ച്ച നടക്കുന്ന ഐക്യരാഷ്ട്ര സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും കൂടിക്കാഴ്ച്ച നടത്തും. വിദേശ്യകാര്യ വക്താവ് രവീഷ് കുമാറാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള മഞ്ഞുരുകാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോദിക്ക് അയച്ച കത്തില്‍ ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി കശ്മീര്‍ അടക്കമുളള വിഷയങ്ങളില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ രാജ്യങ്ങള്‍ പരിഹാരം കാണണമെന്ന് അദ്ദേഹം അറിയിച്ചു. ‘മോദി സാഹബ്’ എന്നാണ് കത്തില്‍ പ്രധനമന്ത്രിയെ ഇമ്രാന്‍ അഭിസംബോധന ചെയ്തത്.

‘ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്‌നം ജനങ്ങള്‍ക്ക് വേണ്ടി പരിഹരിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രത്യേകിച്ച് വരാന്‍ പോകുന്ന തലമുറയ്ക്ക് വേണ്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇരുരാജ്യങ്ങള്‍ക്കും ഗുണം മാത്രം ഉണ്ടാവുന്ന രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാം’, സെപ്റ്റംബര്‍ 14ന് ഇമ്രാന്‍ അയച്ച കത്തില്‍ പറയുന്നു.

ആദ്യ ഘട്ടത്തില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തട്ടെയെന്നാണ് കത്തിലുള്ളത്. ഐക്യരാഷ്ട്ര സമ്മേളനത്തിനായി ഈ മാസം സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ന്യൂയോര്‍ക്കില്‍ എത്തും.

Top